ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പത് മാസത്തിലേറെ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും സഹ ബഹിരാകാശയാത്രിക ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിലേക്ക് കാലെടുത്തുവച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ പുതുപാത വെട്ടിത്തുറന്നവൾ എന്നും ‘ഐക്കൺ’ എന്നും വിശേഷിപ്പിച്ചു. ബഹിരാകാശയാത്രികരുടെ ഈ ദീർഘമായ താമസം ‘ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മനുഷ്യചൈതന്യത്തിന്റെയും പരീക്ഷണമായിരുന്നു’ എന്ന് മോദി വിശേഷിപ്പിച്ചു. എക്സിലൂടെയായിരുന്നു മോദിയുടെ വിശേഷണം.
വീണ്ടും സ്വാഗതം ക്രൂ 9 ! ഭൂമി നിങ്ങളെ മിസ്സ് ചെയ്തു. സുനിത വില്യംസും ക്രൂ 9 ബഹിരാകാശയാത്രികരും വീണ്ടും അശ്രാന്തപരിശ്രമം എന്താണെന്ന് നമുക്ക് കാണിച്ചുതന്നു. അവരുടെ അചഞ്ചലമായ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കും എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ബഹിരാകാശ പര്യവേക്ഷണം എന്നത് മനുഷ്യന്റെ കഴിവുകളുടെ പരിധികൾ മറികടക്കുന്നതും, സ്വപ്നം കാണാൻ പഠിപ്പിക്കുന്നതും ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ധൈര്യം കാണിക്കുന്നതുമാണ് എന്ന് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരിയുടെ അഭിനിവേശത്തെയും കഠിന പ്രയ്തനത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം സുനിത വില്യംസ് 62 മണിക്കൂർ ബഹിരാകാശത്ത് നടന്ന ഒരു വനിത ബഹിരാകാശയാത്രിക എന്ന റെക്കോർഡും അവർ കരസ്ഥമാക്കി.
Discussion about this post