യാത്രക്കാർക്ക് ഏറ്റവും വിലകുറഞ്ഞ ട്രെയിൻ യാത്ര നൽകുന്നത് ഇന്ത്യയാണെന്ന് റെയിൽ വേ മന്ത്രി അശ്വനി വൈഷ്ണവ് . 350 കിലോമീറ്റർ യാത്രയ്ക്ക് ഇന്ത്യയിൽ ട്രെയിൻ നിരക്ക് വെറും 121 രൂപ മാത്രം. … പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയുൾപ്പെടെയുള്ള അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇത് വളരെ കുറവാണ് എന്ന് റെയിൽവേ മന്ത്രി പറഞ്ഞു. 2020 മുതൽ യാത്ര നിരക്ക് ഇന്ത്യ വർദ്ധിപ്പിച്ചിട്ടില്ല. യൂറോപ്പിലെ ട്രെയിൻ യാത്രാ നിരക്ക് ഇന്ത്യയിലേതിനേക്കാൾ അഞ്ചിരട്ടി കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2025-26 ലെ റെയിൽവേ മന്ത്രാലയത്തിന്റെ ഗ്രാന്റ് ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ലോക്‌സഭയിൽ സംസാരിക്കവേയാണ് അശ്വനി വൈഷ്ണവ് നിരക്ക് വ്യത്യാസങ്ങൾ എടുത്തുകാട്ടിയത്. ‘350 കിലോമീറ്റർ യാത്രയ്ക്ക് ഇന്ത്യയിൽ വെറും 121 രൂപ മാത്രമാണ് നിരക്ക്, അതേസമയം പാകിസ്താനിൽ ഇത് 436 രൂപയും ബംഗ്ലാദേശിൽ 323 രൂപയും ശ്രീലങ്കയിൽ 413 രൂപയുമാണ്,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ റെയിൽവേ അഞ്ച് ലക്ഷം പേരെ ജോലിയ്ക്കായി നിയമിച്ചിട്ടുണ്ടെന്നും ഒരു ലക്ഷം ഒഴിവുകളിലേക്കുള്ള നിയമനം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
മുൻ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു. ആ സർക്കാരിന്റെ കാലത്ത് റെയിൽവേയിൽ നാല് ലക്ഷം പേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂവെന്ന് വൈഷ്ണവ് ചൂണ്ടിക്കാട്ടി.
തിരക്ക് നിയന്ത്രിക്കുന്നതിനായി, പ്രത്യേകിച്ച് തിരക്കേറിയ യാത്രാ സീസണുകളിൽ, ഇന്ത്യൻ റെയിൽവേ അധിക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഹോളിക്ക് 604 പ്രത്യേക ട്രെയിനുകളും, വേനൽക്കാലത്ത് 13,000 പ്രത്യേക ട്രെയിനുകളും, ദീപാവലിക്കും ഛാത്തിനും 8,000 പ്രത്യേക ട്രെയിനുകളും സർവീസ് നടത്തി. മഹാ കുംഭമേളയ്ക്കിടെ 17,330 പ്രത്യേക ട്രെയിനുകൾ വിന്യസിച്ചു, ഈ വർഷത്തെ ഹോളിക്ക് 1,107 അധിക ട്രെയിനുകൾ സർവീസ് നടത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിൽ റെയിൽവേ അപകടങ്ങൾ 90% കുറഞ്ഞിട്ടുണ്ട്. കൂടാതെ, ചരക്ക് ഗതാഗതത്തിൽ മികച്ച മൂന്ന് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. ഈ വർഷം ഇന്ത്യൻ റെയിൽവേ 1.6 ബില്യൺ ടൺ ചരക്ക് കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വൈഷ്ണവ് പറഞ്ഞു. ചർച്ചകൾക്ക് ഒടുവിൽ , 2025-26 ലെ റെയിൽവേ മന്ത്രാലയത്തിന്റെ ബജറ്റ് ലോക്‌സഭ അംഗീകരിക്കുകയും ചെയ്തു.
Discussion about this post