ന്യൂഡൽഹി : വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഉധംപൂരിലേക്ക് വിമാന സർവീസ് ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. തീർത്ഥാടകരെ കൂടാതെ ഉധംപൂർ, റിയാസി ജില്ലകളിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി കൂടിയാണിത്. വൈകാതെ തന്നെ ഈ വിമാന സർവീസ് ആരംഭിക്കും എന്നാണ് സൂചന.
നിലവിൽ ജമ്മുകശ്മീരിൽ ജമ്മു, ശ്രീനഗർ എന്നീ തലസ്ഥാന നഗരങ്ങളിൽ മാത്രമേ വിമാന സർവീസ് ലഭ്യമായിട്ടുള്ളൂ. ഉധംപൂരിലേക്ക് കൂടി വിമാന സർവീസ് ആരംഭിക്കുന്നത് വഴി വൈഷ്ണോ ദേവി തീർത്ഥാടകർക്ക് വലിയ ആശ്വാസമായിരിക്കും ലഭിക്കുക. ഉന്നത തല സംഘത്തിന്റെ വിദഗ്ധ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷം ആയിരിക്കും വിമാന സർവീസ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ പുറത്തു വരിക.
എല്ലാ വർഷവും ഏകദേശം ഒരു കോടിയിലേറെ ഭക്തരാണ് ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തീർത്ഥാടനത്തിനായി എത്താറുള്ളത്. ടൂറിസത്തിന് പേരുകേട്ട ഉധംപൂർ, റിയാസി, ദോഡ തുടങ്ങിയ ജില്ലകൾ സന്ദർശിക്കുന്നതിന് നിരവധി വിനോദസഞ്ചാരികളും എത്താറുണ്ട്. ഉദംപൂർ ഒരു സൈനിക മേഖല കൂടിയാണ്. കരസേനയുടെ നോർത്തേൺ കമാൻഡിന്റെ ആസ്ഥാനം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഉധംപൂരിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത് എല്ലാ മേഖലകളിലുള്ളവർക്കും ഗുണപ്രദമാകും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post