ന്യൂഡൽഹി : യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാര ചർച്ചകൾക്കായി യുഎസ് ഉന്നതതല പ്രതിനിധി സംഘം നാളെ ഇന്ത്യയിൽ എത്തും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾ ആയിരിക്കും ഡൽഹിയിൽ നടക്കുക. യുഎസ് അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉഭയകക്ഷി വ്യാപാര ചർച്ചകൾക്കായി ചൊവ്വാഴ്ച ന്യൂഡൽഹിയിലെത്തുന്നത്.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടൺ സന്ദർശന വേളയിൽ 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം 500 ബില്യൺ യുഎസ് ഡോളറായി ഉയർത്തുകയാണ് ഇന്ത്യയും യുഎസും ലക്ഷ്യമിടുന്നത്. മാർച്ച് 3 മുതൽ 7 വരെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ യുഎസ് സന്ദർശിച്ച് വ്യാപാര ചർച്ചകൾ നടത്തിയിരുന്നു.
താരിഫ്, താരിഫ് ഇതര പ്രശ്നങ്ങൾ പരിഹരിക്കുക, വിപണി പ്രവേശനം മെച്ചപ്പെടുത്തുക, വിതരണ ശൃംഖല സംയോജനം വർദ്ധിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ചാണ് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ തന്റെ യുഎസ് സന്ദർശനത്തിൽ ചർച്ചകൾ നടത്തിയിരുന്നത്. ഇന്ത്യയുമായുള്ള ഉൽപ്പാദനപരവും സന്തുലിതവുമായ വ്യാപാര ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഎസ് പ്രതിജ്ഞാപനം ആണെന്ന് ഈ അവസരത്തിൽ യുഎസ് വ്യക്തമാക്കിയിരുന്നു.
“ഇന്ത്യയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്, പക്ഷേ ഇന്ത്യയുമായി എനിക്കുള്ള ഒരേയൊരു പ്രശ്നം അവർ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ്” എന്നായിരുന്നു കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നത്. യുഎസ്സിൽ നിന്നുള്ള വ്യാപാര പ്രതിനിധി സംഘം ഡൽഹിയിൽ നടത്തുന്ന ചർച്ചകളിൽ കൂടി താരിഫ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുമെന്നും കരുതപ്പെടുന്നു. 2023-ൽ, ചരക്കുകളിലും സേവനങ്ങളിലും യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 190.08 ബില്യൺ യുഎസ് ഡോളർ ആയിരുന്നു. പരസ്പര സഹകരണത്തോടെ പ്രവർത്തിച്ച് 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യൺ യുഎസ് ഡോളർ ആക്കാനാണ് ഇരു രാജ്യങ്ങളും ഇപ്പോൾ ശ്രമിക്കുന്നത്.
Discussion about this post