ലണ്ടൻ : പകൽ മുഴുവൻ ഏതെങ്കിലും ഒരു വിദേശരാജ്യത്ത് ചുറ്റിക്കറങ്ങിയശേഷം രാത്രി സ്വന്തം രാജ്യത്തെ സ്വന്തം വീട്ടിൽ തിരിച്ചെത്തി ഉറങ്ങാൻ കഴിയുക! ഇത് വെറുമൊരു സ്വപ്നമല്ല, ഈ ചിന്ത യാഥാർത്ഥ്യമാക്കിയ ഒരു ട്രാവൽ വ്ലോഗർ ഉണ്ട്. നമ്മുടെയൊക്കെ മനസ്സിലുള്ള വിദേശയാത്രകൾ എന്നാൽ ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുന്നതായിരിക്കും. യുകെയിലെ റെക്‌സാമിൽ നിന്നുള്ള 37 വയസ്സുള്ള ട്രാവൽ വ്ലോഗറായ മോണിക്ക സ്റ്റോട്ട് പക്ഷേ തികച്ചും വിപരീതമായ ഒരു വിചിത്ര ജീവിതമാണ് നയിക്കുന്നത്.
ഡേ ട്രിപ്പ് എന്ന വാക്കിന് ഒരു പുതിയ നിർവചനം തന്നെ നൽകിയിരിക്കുകയാണ് മോണിക്ക സ്റ്റോട്ട്. സോഷ്യൽ മീഡിയയിൽ 35000ത്തിലധികം ഫോളോവേഴ്സ് ഉള്ള പ്രൊഫഷണൽ ഇൻഫ്ലുവൻസറാണ് ഈ യുവതി. അവരുടെ അതിശയകരമായ യാത്രകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇതിന്റെ പ്രധാനകാരണം അവരുടെ ഓരോ വിദേശയാത്രയും ഒരു പകൽ മാത്രം നീണ്ടുനിൽക്കുന്നതായിരിക്കും. രാത്രി ഉറങ്ങാനായി അവർ തിരികെ സ്വന്തം രാജ്യത്തിലേക്ക് തന്നെ മടങ്ങിയെത്തുകയും ചെയ്യും.
മിലാൻ, ബെർഗാമോ, ലിസ്ബൺ, ആംസ്റ്റർഡാം, റെയ്‌ക്ജാവ്ക് തുടങ്ങിയ പ്രമുഖ നഗരങ്ങൾ എല്ലാം ഇതിനകം തന്നെ മോണിക്ക സന്ദർശിച്ചു കഴിഞ്ഞു. ആദ്യകാലത്ത് ജോലി ആവശ്യത്തിനായി യുകെയിൽ നിന്നും അയർലണ്ടിലേക്ക് ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന യാത്രകൾ നടത്തേണ്ടി വന്നിരുന്നതാണ് മോണിക്കയ്ക്ക് ഇത്തരം ഒരു ഡേ ട്രിപ്പ് ആശയം നൽകിയത്. പിന്നീട് മോണിക്ക ജോലിയുടെ ഭാഗമല്ലാതെ തന്നെ ഒഴിവുസമയങ്ങൾ ആസ്വദിക്കാനായി ഒരു പകൽ മാത്രം നീണ്ടുനിൽക്കുന്ന വിദേശയാത്രകൾ തിരഞ്ഞെടുക്കാൻ ആരംഭിച്ചു.
യുകെക്ക് സമീപമുള്ള മറ്റു രാജ്യങ്ങളിലേക്ക് അതിരാവിലെ പുറപ്പെട്ട് പ്രഭാത ഭക്ഷണത്തിനു മുൻപായി അവിടെ എത്തുന്നതാണ് മോണിക്കയുടെ പതിവ്. തുടർന്ന് ഒരു പകൽ ഈ രാജ്യത്ത് ചെലവഴിച്ച ശേഷം രാത്രി ഉറങ്ങുന്ന നേരത്തിനു മുൻപായി സ്വന്തം രാജ്യത്തേക്ക് തന്നെ തിരിച്ചെത്തുന്നതാണ്. ഇപ്പോൾ മോണിക്ക സ്റ്റോട്ടിന്റെ ഈ ആശയം പിന്തുടർന്ന് നിരവധി ഫോളോവേഴ്സ് ചേർന്ന് ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പ് ഉണ്ടാക്കുകയും ഇത്തരത്തിലുള്ള പകൽ വിദേശയാത്രകൾ നടത്തുകയും ചെയ്യുന്നുണ്ട്.









Discussion about this post