ഗാന്ധിനഗർ : ഒരു ഇടവേളയ്ക്കുശേഷം ബ്ലൂ വെയ്ൽ ചലഞ്ച് വീണ്ടും വിദ്യാർത്ഥികൾക്കിടയിൽ വില്ലനാകുന്നു. ബ്ലൂ വെയ്ൽ ചലഞ്ചിന്റെ ഭാഗമായി ഏതാനും വിദ്യാർത്ഥികൾ കൂട്ടത്തോടെ കൈ ഞരമ്പ് മുറിച്ചതോടെ ആണ് ഈ ഓൺലൈൻ ഗെയിം വീണ്ടും രംഗത്തെത്തിനായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. വെറും 10 രൂപയുടെ സമ്മാനത്തുകയ്ക്ക് വേണ്ടിയാണ് 40 വിദ്യാർഥികൾ സ്വന്തം കൈ ഞരമ്പ് മുറിച്ചത്.
ഗുജറാത്തിൽ നിന്നുമാണ് ഓൺലൈൻ ഗെയിമിന്റെ പ്രത്യാഘാതം വെളിപ്പെടുത്തുന്ന ഈ വാർത്ത പുറത്തുവന്നിട്ടുള്ളത്. ഗുജറാത്തിലെ മോട്ട മുൻജിയാസർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളാണ് കൂട്ടത്തോടെ കൈ ഞരമ്പ് മുറിച്ചത്. എന്നാൽ വിദ്യാർത്ഥികളുടെ മുറിവ് ഗുരുതരമല്ലെന്നും ഞരമ്പിന് പരിക്കേറ്റിട്ടില്ലെന്നും ആണ് പോലീസ് വ്യക്തമാക്കുന്നത്. ബ്ലൂ വെയ്ൽ ഗെയിമിന്റെ ഭാഗമായുള്ള ചലഞ്ച് ആണ് വിദ്യാർത്ഥികളെ ഈ കാര്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് വ്യക്തമായിട്ടുള്ളത്.
രക്ഷിതാക്കളിലും സ്കൂൾ അധികൃതരിലും വലിയ ആശങ്കയാണ് ഈ സംഭവം സൃഷ്ടിച്ചിട്ടുള്ളത്. ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇത്തരത്തിൽ അപകടകരമായ ഒരു കളി നടത്തിയത്. വീട്ടിലെത്തിയ കുട്ടികളുടെ കൈകളിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ഗ്രാമത്തിലെ സർപഞ്ചും രക്ഷിതാക്കളും ചേർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഗസാര പോലീസ് വ്യക്തമാക്കി.
Discussion about this post