ന്യൂഡൽഹി : പശ്ചിമബംഗാളിലും ഉടൻതന്നെ താമരക്കാലം വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത വർഷം പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം സ്വന്തമാക്കുമെന്ന് അമിത് ഷാ ഇന്ന് പാർലമെന്റിൽ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് യോജന പശ്ചിമബംഗാളിലും നടപ്പിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
2025ലെ ത്രിഭുവൻ സഹകാരി സർവകലാശാല ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹി രക്ഷിക്കപ്പെട്ടു, പക്ഷേ ഇപ്പോൾ ആയുഷ്മാൻ ഭാരത് ഡൽഹിയിലും എത്തിയിരിക്കുന്നു. ഇനി പശ്ചിമ ബംഗാൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും തിരഞ്ഞെടുപ്പിന് ശേഷം അവിടെയും താമര വിരിയുമെന്നും ആയുഷ്മാൻ ഭാരത് പശ്ചിമ ബംഗാളിലും വരുമെന്നും അമിത് ഷാ പറഞ്ഞു.
ത്രിഭുവൻ സഹകരണ സർവകലാശാല ബിൽ പാസാക്കുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും സ്വയംതൊഴിൽ, ചെറുകിട സംരംഭകത്വം എന്നിവയുടെ വികസനത്തിന് കാരണമാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ത്രിഭുവൻ സഹകാരി സർവകലാശാല ബിൽ ഇന്ത്യയുടെ സഹകരണ ക്ഷീര പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയായ അമൂലിനെ ആദരിക്കുന്നതാണ്.
ഗുജറാത്തിലെ ആനന്ദ് റൂറൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഒരു സർവകലാശാലയായി സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ബിൽ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടിക്ക് ശേഷം ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി.
Discussion about this post