മലപ്പുറം: വളാഞ്ചേരിയിൽ ലഹരിസംഘത്തിലുള്ളവർക്ക് എയിഡ്‌സ് സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നുപേർ വിവിധഭാഷാ തൊഴിലാളികളാണെന്നാണ് വിവരം.ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. സംഭവം മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്നു.രണ്ട് മാസത്തിനിടെയാണ് പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.
സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുത്തിവെക്കുന്നവർക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. സൂചിയിൽ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാർ ലഹരി കൈമാറുന്നത്. ഉപയോഗിച്ച സൂചി ഇവർ വീണ്ടും ഉപയോഗിക്കുന്നത് പതിവാണ്. 80 ശതമാനംപേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് എക്‌സൈസ് സർവേയിൽ കണ്ടെത്തിയിരുന്നു. കൂട്ടുകൂടി ലഹരി കുത്തിവെക്കുന്ന മിക്കവരും ഒരേ സൂചിയാണ് പങ്കിടുന്നത്. ഇതാണ് ലഹരി ഉപയോഗിക്കുന്നവരിൽ എച്ച്ഐവി കൂടാൻ കാരണം.
കേരളത്തിൽ 2021-ന് ശേഷം യുവാക്കൾക്കിടയിൽ എച്ച്ഐവി കൂടുന്നതായാണ് എയ്ഡ്സ് കൺട്രോൾ സെസൈറ്റിയുടെ കണക്ക്. വർഷം ശരാശരി 1200 പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവർക്കായിരുന്നു രോഗബാധ കൂടുതൽ.
Discussion about this post