ജനിച്ചാൽ മരണം ഉറപ്പായ കാര്യമാണ്. ബാല്യത്തിൽ തുടങ്ങി,കൗമാരത്തിലൂടെയും യൗവനത്തിലൂടെയും തുടരുന്ന യാത്ര വാർദ്ധക്യത്തിലെത്തി പിന്നീട് മരണം സംഭവിക്കുന്നതാണ് സാധാരണ സംഭവിക്കാറുള്ളത്. അകാലത്തിൽ പൊലിഞ്ഞുപോതുന്ന ജീവനുകൾ വേറെ. ശരീരത്തിനേ പ്രായമായിട്ടുള്ളൂ മനസ് ഇപ്പോഴും ചെറുപ്പമാമെന്ന് പറയുന്നവരെ കണ്ടിട്ടില്ലേ. ആത്മവിശ്വാസവും ഉൾക്കരുത്തുമാണ് അത്തരത്തിലുള്ളവരുടെ ജീവിതവിജയത്തിന്റെ കാരണം തന്നെ.
അപ്പോൾ ഒരു കാര്യം മനുഷ്യ മസ്തിഷ്‌കത്തിന് വയസായി തുടങ്ങുന്നത് എപ്പോഴാണ്? വാർദ്ധക്യം സംഭവിക്കുമ്പോൾ അല്ലേ. എന്നാൽ ഈ ധാരണ തെറ്റാണെന്നാണ് ഗവേഷകർ പറയുന്നത്. മസ്തിഷ്‌കത്തിന് പ്രായമാകുന്നത് വളരെ നേരത്തെ തന്നെ ആരംഭിക്കുമത്രേ. പഠനം അനുസരിച്ച് 44 വയസ് മുതൽ 60 വയസ് വരെയുള്ള സമയം പ്രായമാകുന്നത് വർദ്ധിക്കുമെന്നാണ്.
പിഎൻഎഎസ് എന്ന ശാസ്ത്രഗവേഷണ പ്രസിദ്ധീകരണത്തിലെ പഠനഫലം അനുസരിച്ച് ആയിരക്കണക്കിന് ആളുകളുടെ തലച്ചോറിന്റെ പ്രവർത്തനം പഠിച്ചാണ് ഈ വിവരം സ്ഥിരീകരിച്ചതത്രേ. 18 മുതൽ 90 വയസുവരെയുള്ള 19,300 പേരെയാണ് ഗവേഷകർ നിരീക്ഷിച്ചത്. 44 വയസിൽ തലച്ചോറിന് പ്രായമാകുന്നത് ആരംഭിക്കുകയും 67 വയസിൽ അത് അതിന്റെ പാരമ്യത്തിൽ എത്തുകയും പിന്നീട് 90 വയസിൽ സ്ഥിരത കൈവരികയും ചെയ്യുമത്രേ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന്റെ കഴിവുമായി തലച്ചോറിന് പ്രായമാകുന്ന പ്രക്രിയയ്ക്ക് ബന്ധമുണ്ട്. ഈ പ്രായം കഴിയുമ്പോഴേക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പതിവിലേറെ ഇൻസുലിൻ വേണ്ടിവരുന്നു. ഇതിനായി കീറ്റോൺ സപ്‌ളിമെന്റുകൾ കഴിക്കുന്നത് ഈ പ്രശ്നം തടയാൻ സഹായിക്കുന്നു. ശരീരത്തിലെ പഞ്ചസാരയ്ക്ക് പകരമായി ഇന്ധനമായി പ്രവർത്തിക്കുന്ന സംയുക്തങ്ങളാണ് കീറ്റോണുകൾ . അതിനാൽ, ആവശ്യത്തിന് പഞ്ചസാര ലഭിക്കാത്തതിനാൽ തലച്ചോറിന് പ്രായമാകുകയാണെങ്കിൽ, ആ വിടവ് നികത്താൻ കീറ്റോണുകൾ സഹായിക്കുമെന്ന് സംഘം ചൂണ്ടിക്കാട്ടി.
Discussion about this post