ചെന്നൈ: ഇന്ന് റിലീസ് ചെയ്യാൻ ഇരുന്ന വിക്രം ചിത്രം വീര ധീര ശൂരന്റെ റീലിസ് മുടങ്ങി. ഡൽഹി ഹൈക്കോടതി ഇടക്കാല സ്‌റ്റേ ഏർപ്പെടുത്തിയതോടെയാണ് ഷോ മുടങ്ങിയത്. നിയമപ്രശ്‌നത്തെ തുടർന്ന് ചിത്രത്തിന്റെ മോണിങ് ഷോകൾ മുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലും യുഎസിലും അടക്കം ആദ്യ ഷോ ഒഴിവാക്കി.
ചിത്രത്തിന്റെ ഒ.ടി.ടി അവകാശത്തെ ചൊല്ലിയാണ് നിയമപ്രശ്‌നമെന്നാണ് വിവരം. ഒടിടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാർ ചിത്രത്തിന്റെ നിർമാതാക്കൾ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ഡൽഹി ഹൈക്കോടതി സമീപിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു.
പ്രശ്‌ന പരിഹാരത്തിനായി ഏഴ് കോടി രൂപ ബി4യു കമ്പനിക്കു നൽകണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വിക്രവും സംവിധായകൻ എസ്.യു. അരുൺകുമാറും തങ്ങളുടെ പ്രതിഫലത്തിൽനിന്നും ഒരു വിഹിതം മാറ്റിവച്ച് നിർമാതാവിനെ സഹായിക്കുമെന്നും വിവരങ്ങളുണ്ട്.
അതേസമയം പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാന് എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം മലയാളസിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നും ഹോളിവുഡ് ലെവൽ മേക്കിംഗ് ആണെന്നുമാണ് റിപ്പോർട്ടുകൾ.
Discussion about this post