ന്യൂഡൽഹി : പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് . സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ലാവ്റോവ് പറഞ്ഞു. 2022 ൽ യുക്രെയ്‌നുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യയിലേക്കുള്ള പുടിന്റെ ആദ്യ സന്ദർശനമാണിത്.
പ്രത്യേക തീയതികളൊന്നും നൽകിയിട്ടില്ലെങ്കിലും പുടിന്റെ ഇന്ത്യാ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ‘ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സ്വീകരിച്ചു,’ ലാവ്റോവ് കൂട്ടിച്ചേർത്തു.
മൂന്നാം തവണയും അധികാരത്തിലെത്തിയ ശേഷം മോദി ആദ്യ വിദേശ സന്ദർശനത്തിനായി റഷ്യ തിരഞ്ഞെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ലാവ്റോവ് ഇനി നമ്മുടെ ഊഴമാണ് എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മോസ്‌കോ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് പുടിനെ ക്ഷണിച്ചിരുന്നു. പുടിനും മോദിയും പതിവായി ബന്ധം പുലർത്തുന്നവരാണ്. രണ്ട് മാസത്തിലൊരിക്കൽ ടെലിഫോൺ സംഭാഷണങ്ങൾ നടത്തുന്നു. അന്താരാഷ്ട്ര പരിപാടികളുടെ ഭാഗമായി ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ചകൾ നടത്താറുണ്ട്. കഴിഞ്ഞ ജൂലൈയിൽ, 22-ാമത് റഷ്യ-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ മോസ്‌കോ സന്ദർശനം നടത്തി. ഒക്ടോബറിൽ, ബ്രിക്‌സ് ഉച്ചകോടിക്കായി അദ്ദേഹം റഷ്യൻ നഗരമായ കസാൻ സന്ദർശിച്ചു.
ശീതയുദ്ധകാലം മുതൽ റഷ്യ ഇന്ത്യയുമായി ശക്തമായ ബന്ധമാണ് പുലർത്തുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ നിഷ്പക്ഷത പാലിക്കുകയും ഉപരോധങ്ങളിൽ ചേരാൻ വിസമ്മതിക്കുകയും ഇന്ത്യ ചെയ്തിരുന്നു. യുദ്ധക്കളങ്ങളിൽ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നും ഇത് ‘യുദ്ധത്തിന്റെ യുഗമല്ല’ എന്ന് ഇന്ത്യയുടെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി റഷ്യയ്ക്കും യുക്രെയ്‌നിനും പ്രധാനപ്പെട്ട സന്ദേശങ്ങൾ കൈമാറുന്നതിലും ഇന്ത്യ ഒരു പങ്കു വഹിച്ചിട്ടുണ്ട്.
Discussion about this post