ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. ഐഇഡി സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ ആയിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ക്വറ്റയിലെ ബറേച്ച് മാർക്കറ്റിൽ വൈകീട്ടോടെയാണ് ഭീകരാക്രമണം ഉണ്ടായത്. മാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ഐഇഡി നിറച്ച ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയം നിരവധി പേർ മാർക്കറ്റിൽ ഉണ്ടായിരുന്നു. ഇരുചക്രവാഹനത്തിന് സമീപം ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരും. സ്‌ഫോടനത്തിൽ മാർക്കറ്റിനുള്ളിലെ പല കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്വറ്റയിലെ ഇറാനിയൻ ഉത്പന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രമാണ് ഇവിടം.
സംഭവത്തിന് പിന്നാലെ പാകിസ്താൻ സുരക്ഷാ സേന സ്ഥലത്ത് എത്തി. രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതും ഇവരാണ്. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലൂച് സ്വതന്ത്ര പോരാളികളോ പാകിസ്താനി താലിബാനോ ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.
കഴിഞ്ഞ ഏതാനും നാളുകളായി പാകിസ്താനിൽ ഭീകരാക്രമണങ്ങൾ നിത്യ സംഭവം ആകുകയാണ്. ഈ വർഷം തന്നെ 10 ഓളം സമാന സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തെ അപലപിച്ച് ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി രംഗത്ത് എത്തി. നിരായുധരായ ജനങ്ങൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ ഭീരുത്വം ആണെന്നും, ഇത് അനുവദിക്കാൻ കഴിയില്ലെന്നും ബുഗ്തി പറഞ്ഞു.
Discussion about this post