ന്യൂഡൽഹി : ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ ലോക്‌സഭ പാസാക്കി. മാർച്ച് 11 ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചതിനു ശേഷം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടികൾ നൽകി. നുഴഞ്ഞുകയറി വരുന്നവർക്കായി വാതിലുകൾ തുറന്നിടാൻ ഇന്ത്യ ഒരു ധർമ്മശാലയല്ല എന്ന് അമിത് ഷാ ബിൽ ചർച്ചയിൽ വ്യക്തമാക്കി. കൃത്യമായ രേഖകൾ ഇല്ലാതെയും വ്യാജ രേഖകൾ ഉപയോഗിച്ചും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഏതൊരു വിദേശ പൗരനും ഇന്ത്യയിലേക്ക് വരാൻ സാധുവായ പാസ്‌പോർട്ടും സാധുവായ വിസയും നിർബന്ധമാണ്. ബിസിനസ്സ്, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയ്ക്കായി ഇന്ത്യയിലേക്ക് വരുന്നവരെ രാജ്യം എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർ കർശന നടപടി നേരിടേണ്ടിവരും. റോഹിംഗ്യകളായാലും ബംഗ്ലാദേശികളായാലും, അവർ ഇന്ത്യയിലേക്ക് കലാപം സൃഷ്ടിക്കാൻ വന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നും അമിത് ഷാ അറിയിച്ചു.
വിദേശികൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഇമിഗ്രേഷൻ & ഫോറിനേഴ്‌സ് ബിൽ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരെ നിരീക്ഷിക്കുന്നതിനും വ്യാജ രേഖകൾ ചമച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
ആര് രാജ്യത്തേക്ക് വരുന്നു, എപ്പോൾ വരുന്നു, എത്ര സമയത്തേക്ക് വരുന്നു, എന്ത് ഉദ്ദേശ്യത്തോടെയാണ് വരുന്നത് എന്നൊക്കെ അറിയാനുള്ള അവകാശം രാജ്യത്തെ സർക്കാരിനുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി അമിത് ഷാ അറിയിച്ചു. സുരക്ഷയ്ക്ക് ഇത് വളരെ പ്രധാനമാണ്. നുഴഞ്ഞുകയറ്റക്കാരായ റോഹിംഗ്യകളോടും ബംഗ്ലാദേശികളോടും പശ്ചിമബംഗാൾ സർക്കാർ കാണിക്കുന്ന അനാവശ്യ അനുകമ്പ ആണ് രാജ്യത്തെ 450 കിലോമീറ്റർ അതിർത്തി ഇപ്പോഴും സുരക്ഷിതമല്ലാതെയിരിക്കുന്നത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി പശ്ചിമബംഗാൾ സർക്കാരിന് 10 തവണ താൻ തന്നെ നേരിട്ട് കത്തുകൾ അയച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു സഹകരണവും ഉണ്ടായില്ല. എന്നാൽ ഇനി ഈ പ്രശ്നം അധികകാലം നീണ്ടുനിൽക്കില്ല എന്നും അമിത് ഷാ വ്യക്തമാക്കി. അമിത് ഷായുടെ മറുപടിക്ക് ശേഷം ലോക്‌സഭാ സ്പീക്കർ ഓം ബിർള ബിൽ പാസാക്കിയതായി പ്രഖ്യാപിച്ചു.
Discussion about this post