ന്യൂഡൽഹി : നടൻ സൽമാൻ ഖാൻ ധരിച്ച വാച്ച് ആണ് ഇപ്പോൾ മുസ്ലിം മത നേതാക്കൾക്കിടയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. കഴിഞ്ഞദിവസം സൽമാൻ ഖാൻ തന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ പ്രമോഷൻ ചടങ്ങിന് എത്തിയപ്പോൾ ആയിരുന്നു ലിമിറ്റഡ് എഡിഷൻ വാച്ച് ആയ ‘ലോർഡ് റാം’ വാച്ച് ധരിച്ചിരുന്നത്. കാവിനിറത്തിൽ ശ്രീരാമനാമം ആലേഖനം ചെയ്തിട്ടുള്ള ഈ വാച്ച് വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോൾ സൽമാൻഖാന്റെ ഈ വാച്ചിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിവിധ മുസ്ലിം മത നേതാക്കൾ.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രചാരണാർത്ഥം പുറത്തിറക്കിയിരുന്ന ലിമിറ്റഡ് എഡിഷൻ വാച്ച് ആണ് ‘ലോർഡ് റാം’ വാച്ച്. നടൻ സൽമാൻഖാന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ ആണ് താരം ഈ വാച്ച് ധരിച്ച് എത്തിയിരുന്നത്. ഏതാനും മാധ്യമങ്ങൾ സൽമാൻഖാന്റെ ഈ വാച്ചിനെ കുറിച്ചുള്ള വീഡിയോകൾ പുറത്തുവിട്ടതോടെ മാർച്ച് 27 ന് സൽമാൻ ഖാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ‘ലോർഡ് റാം’ വാച്ച് ധരിച്ചു നിൽക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു.
ശ്രീരാമൻ മുസ്ലിങ്ങൾക്ക് ഹറാം ആണെന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ബറേൽവി പുരോഹിതനും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ പ്രസിഡന്റുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ഇന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെ പ്രവൃത്തി ശരിഅത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്രത്തിന്റെ പ്രചാരണത്തിനായി നിർമ്മിച്ച ഒരു വാച്ച് ഒരു മുസ്ലീം ധരിക്കുന്നത് നിയമവിരുദ്ധവും ഹറാവുമാണ്. സൽമാൻ ഖാനെ പോലെ നിരവധി ആരാധകരുള്ള ഒരു താരം ഇസ്ലാമിക വിരുദ്ധമായ പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്. താൻ ചെയ്ത അനിസ്ലാമിക പ്രവർത്തനങ്ങൾക്ക് സൽമാൻ ഖാൻ പശ്ചാത്തപിക്കുകയും മാപ്പ് പറയുകയും ചെയ്യണം എന്നും മൗലാന ഷഹാബുദ്ദീൻ റസ്വി അഭിപ്രായപ്പെട്ടു.
Discussion about this post