ന്യൂഡൽഹി : ഭൂകമ്പം കടുത്ത ദുരിതം വിതച്ച മ്യാൻമറിന് ആശ്വാസവുമായി ഇന്ത്യ. മ്യാൻമറിലെ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി പുതിയ ദൗത്യ സംഘത്തെ ഇന്ത്യൻ സർക്കാർ നിയോഗിച്ചു. ഓപ്പറേഷൻ ബ്രഹ്മ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന്റെ ഭാഗമായി 80 എൻഡിആർഎഫ് ഉദ്യോഗസ്ഥരെ ആണ് ഇന്ത്യൻ സർക്കാർ മ്യാൻമറിലേക്ക് അയക്കുന്നത്.
കമാൻഡന്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ആയിരിക്കും ഓപ്പറേഷൻ ബ്രഹ്മയ്ക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയുടെ കൈവശമുള്ള ഭൂകമ്പ ദുരന്തനിവാരണ ഉപകരണങ്ങൾ ഉൾപ്പെടെ ഈ ദൗത്യത്തിൽ വിനിയോഗിക്കും. ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ എൻഡിആർഎഫ് സംഘം മ്യാൻമറിലേക്ക് പുറപ്പെടും.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മ്യാൻമറിലും തായ്‌ലൻഡിലും കനത്ത നാശം വിതച്ച ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് മ്യാൻമറിൽ കുറഞ്ഞത് 1,002 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂകമ്പ വാർത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ഇന്ത്യൻ സർക്കാരിന്റെ എല്ലാ സഹായവും മ്യാൻമറിന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നു. മുമ്പ് രണ്ട് തവണ ഇന്ത്യ വിദേശത്ത് എൻഡിആർഎഫിനെ വിന്യസിച്ചിട്ടുണ്ട്. 2015 ലെ നേപ്പാൾ ഭൂകമ്പത്തിലും 2023 ലെ തുർക്കി ഭൂകമ്പത്തിലും ആയിരുന്നു ഇതിനു മുൻപ് ഇന്ത്യ ദേശീയ ദുരന്തനിവാരണ സംഘത്തെ വിദേശത്തേക്ക് അയച്ചിരുന്നത്.
Discussion about this post