തൃശ്ശൂർ : വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെ മണ്ണുത്തി പൊലീസ് ആണ് കേസെടുത്തത്. പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നവർ തുടർച്ചയായി ഫോൺ അടിച്ചു ശല്യം ചെയ്തത് കൊണ്ടാണ് വാഹനം മുൻപിൽ കയറ്റി തടഞ്ഞത് എന്നാണ് യൂട്യൂബർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം നടന്നത്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ ആയിരുന്നു പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്തിയിരുന്നത്. ഇഫ്താറിൽ പങ്കെടുത്ത ശേഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ യുവാവ് കാർ വട്ടം വച്ച് തടസ്സം സൃഷ്ടിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് സംഘം പുറത്തിറങ്ങിയാണ് യുവാവിന്റെ കാർ കസ്റ്റഡിയിലെടുത്തത്.
അതീവ സുരക്ഷയുള്ള വ്യക്തിയുടെ വാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടംവരുത്തുംവിധം കാര്‍ ഓടിച്ചുകയറ്റി എന്നാണ് യൂട്യൂബർക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് മണ്ണുത്തി പോലീസ് വ്യക്തമാക്കി. കേസെടുത്ത ശേഷം യൂട്യൂബറെ ജാമ്യത്തിൽ വിട്ടയച്ചു.
Discussion about this post