എന്തുകൊണ്ട് എമ്പുരാൻ വിമർശിക്കപ്പെടണം എന്ന് വ്യക്തമാക്കിക്കൊണ്ട് കാളിയമ്പി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഈ സിനിമ സംഘപരിവാറിനെ ലക്ഷ്യം വച്ചുള്ളതല്ല, സമാധാനമായി ജീവിക്കാൻ ഉദ്ദേശിക്കുന്ന സാധാരണ ഇന്ത്യൻ മുസ്ലീമിനെ പോപ്പുലർ ഫ്രണ്ടിൻ്റെ ട്രെയിനിങ് ക്യാമ്പുകളിൽ എത്തിക്കാൻ ലക്ഷ്യം വച്ചുള്ളതാണ് എന്ന് അദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. എമ്പുരാന് പിന്നിൽ പോപ്പുലർ ഫ്രണ്ടിൻ്റേയും പാകിസ്താൻ ഐഎസ്ഐയുടേയും കൈകളുണ്ട് എന്നതിൽ ഒരു സംശയവുമില്ല എന്നും കാളിയമ്പി വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണ്ണരൂപം,
എന്തുകൊണ്ട് എമ്പുരാൻ വിമർശിക്കപ്പെടണം? ശക്തമായി എതിർക്കപ്പെടണം?
സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായതുകൊണ്ട് മാത്രമാണ് എമ്പുരാൻ എന്ന സിനിമ കണ്ടത്. ഇത്തരം വിഷയങ്ങളിൽ നിലപാട് എടുക്കേണ്ടിവരുന്ന നിലയിൽ അത്തരം മാദ്ധ്യമങ്ങളിൽ ഇടപെടുന്ന ഒരാളെന്ന നിലയിൽ ആ സിനിമ അക്കാദമിക താൽപ്പര്യത്തോടെ തന്നെ കാണുകയും വിലയിരുത്തുകയും ചെയ്തു. (ഈ സിനിമാ സീരീസിലെ, ലൂസിഫർ മുതൽ തുടരുന്ന കൃസ്ത്യൻ വിരുദ്ധ അജണ്ടയെപ്പറ്റി വേറേ തന്നെ എഴുതാനുണ്ട്.)
എമ്പുരാൻ ഒരു തികഞ്ഞ ഇസ്ലാമിസ്റ്റ് സിനിമയാണ്.
നമുക്ക് ജീവിക്കേണ്ടത് എല്ലാവരേയും ബഹുസ്വരതയേയും അംഗീകരിക്കുന്ന ഒരു ഭാരതത്തിലാണ്. ഇസ്ലമിസ്റ്റ് ഐഡിയോളജി അതിനു കടകവിരുദ്ധമാണ് എന്നതുകൊണ്ട് മാത്രമാണ് അതിനെ എതിർക്കുന്നത്. ഹിന്ദുത്വം സകലതിനേയും ഒരുമിപ്പിക്കുന്നു എന്നത് കൊണ്ടാണ് അതിനെ സ്വീകരിക്കുന്നതും. ദൈവങ്ങളെ തിരത്തെടുക്കുമ്പോഴായാലും സാമൂഹ്യ ക്രമങ്ങളിലുള്ളവരായാലും വിഭജനങ്ങളുടെ ദ്വന്ദ്വങ്ങൾക്കപ്പുറം സമവായം കണ്ടെത്താൻ ശ്രമിക്കുന്ന ഭൂമികയിലാണ് ഹിന്ദുത്വം… വീരശിവാജിയുടെ ഹിന്ദ്‌വീ സ്വരാജ്യം, വേദങ്ങളിൽ മുതൽ സ്വാമി വിവേകാനന്ദൻ വരെയുള്ളവരുടെ രാഷ്ട്രസങ്കൽപ്പം വിശാലമായ അർത്ഥത്തിൽ നിലനിൽക്കുന്നത്.
ഈ സിനിമയിൽ ആദ്യത്തെ മുപ്പത് മിനിറ്റോളം ഗുജറാത്തിലെ കലാപത്തിൽ അകപ്പെട്ടുപോകുന്ന കുറച്ച് മുസ്ലീങ്ങളുടെ ദയനീയതയാണ് കാട്ടുന്നത്. അത് കണ്ടിരുന്നപ്പോൾ പലതവണ സ്ക്രീനിൽ നിന്ന് മുഖം തിരിക്കേണ്ടി വന്നു. ഒന്നു രണ്ട് തവണ ആ മനുഷ്യരുടെ അവസ്ഥയോർത്ത് പാനിക് അറ്റാക് എന്ന് പറയുന്ന തരം മാനസികാവസ്ഥയുണ്ടായി. പല രംഗങ്ങളും സഹിക്കാനാവാതെ കണ്ണടച്ചിരുന്നു.
ഒരു കലാപത്തിൽ ഇത്തരം ക്രൂരമായ കൃത്യങ്ങൾ നടന്നേക്കാം. ഗുജറാത്ത് കലാപത്തിൽ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. ഗോദ്ര തീവണ്ടി ആക്രമണത്തിൽ 27 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടെ 59 പേർ കൊല്ലപ്പെട്ടു.ഗുജറാത്തിൽ ഗോധ്രാനന്തരകലാപത്തിൽ നിരപരാധികളെ കൊന്നതും കൊടും ക്രൂരതയ്ക്ക് പാത്രമാക്കിയതും തല നേരേ നിൽക്കുന്ന ആരും ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കലാപം അടിച്ചമർത്താൻ കോൺഗ്രസ്സ് ഭരിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലീസിനെ ആവശ്യപ്പെട്ടതും അത് നൽകാതിരുന്ന് കലാപം മൂർച്ഛിക്കാൻ ഇടവന്നതും എല്ലാവർക്കും അറിയാം.
ആ കലാപത്തിൻ്റെ ആസൂത്രണത്തിൻ്റെ ഏഴയലത്ത് ഉണ്ടെന്ന് ധരിക്കുന്നവരെല്ലാം ഇന്ന് സംഘപരിവാറിന് പുറത്ത് തന്നെയാണ്. അതും നടപ്പിലാക്കിയത് നരേന്ദ്രമോദി തന്നെയാണ്. അവസാനം കിട്ടിയ ഫോഴ്സിനെ വച്ച് ആ കലാപം അടിച്ചമർത്തിയതും അദ്ദേഹവും അമിത്ഷായും ഉൾപ്പെടുന്ന ടീം തന്നെയാണ്. പിന്നീടൊരു കലാപം ഗുജറാത്തിൽ ഉണ്ടാകാതെ സംരക്ഷിക്കുന്നതും അവർ തന്നെ.
ഇനി ബാലൻസിങ് ആയി മുസ്ലീങ്ങൾ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത കലാപങ്ങളുടെ കണക്കുകൾ വേണമെങ്കിൽ അതും നൽകാം. പക്ഷേ അതൊന്നുമല്ല കാര്യം. ആർ ആർക്കെതിരേ ചെയ്താലും കലാപങ്ങളും കലാപാഹ്വാനങ്ങളും കൊടിയ ക്രമിനൽ നടപടികളാണ്. അത് കമ്യൂണിസ്റ്റുകൾ ചെയ്താലും ഇസ്ലമിസ്റ്റുകൾ ചെയ്താലും ഹിന്ദുക്കൾ ചെയ്താലും.
ഈ സിനിമയിൽ എന്തുകൊണ്ടാണ് ഇസ്ലാമിസ്റ്റ് നരേറ്റീവ് ആണെന്ന് പറയുന്നത്?
ഒരു ഭാഗത്തെ ക്രൂരതകൾ മാത്രം കാട്ടിയത് കൊണ്ടല്ല, അതിനെ അടിച്ചമർത്തിയ നേതാക്കളെ തന്നെ അന്ന് മുതൽ ഇന്ന് വരെ ആ കലാപത്തിൻ്റെ കാരണക്കാരായി ചിത്രീകരിക്കുന്നത്, അവർ ആണ് ഇന്നത്തെ ബിജെപി നേതൃത്വമെന്ന് പറയുന്നത് ഇസ്ലാമിസ്റ്റുകൾ മാത്രമാണ്.
ഗുജറാത്തിനു മുൻപും ശേഷവും സമാനമായ കലാപങ്ങൾ നടന്നിട്ടുണ്ട്. അന്ന് ഗവണ്മെൻ്റിലിരുന്നും ഇന്ന് പലവിധ ഇൻസ്റ്റിറ്റ്യൂഷനുകളിലിരുന്നും നരേന്ദ്രമോദിയേയും അമിത്ഷായേയും എല്ലാം ആ കലാപത്തിൻ്റെ സൂത്രധാരരായി ചിത്രീകരിക്കാൻ സകല ശ്രമങ്ങളും കോൺഗ്രസ്സ് പാർട്ടിയും അവരോട് ചേർന്ന് നിൽക്കുന്ന ആഗോള ഇസ്ലമിസ്റ്റ് നെക്സസും നടത്തിയിട്ടും സകല കോടതികളിലും ആ വാദങ്ങൾ തള്ളിപ്പോയി. സിനിമയിലുടനീളം അത്തരം ഒളിഞ്ഞ പരാമർശങ്ങൾ ലഭ്യമാണ്. പോപ്പുലർ ഫ്രണ്ടിനെ നിയമപരമായി നിയന്ത്രിച്ചത് എൻ ഐ എ എന്ന പൊലിസിങ് സംവിധാനമായത് കൊണ്ട് മാത്രമാണ് ഇതിൽ വില്ലന്മാരുടെ കോടാലിക്കൈയ്യായി എൻ ഐ എ യെ ഉപയോഗിച്ചത്. ഇന്ന് ഇന്ത്യയിൽ ഐ എസ് ഐ എന്ന പാകിസ്ഥാൻ ചാരസംഘടനയുടെ പ്രവർത്തനങ്ങൾ വേരുകളിൽ നിന്ന് പോലും ഇല്ലാതാക്കിയത് ഐ ബിയുടെ കൃത്യമായ പ്രവർത്തനങ്ങൾ കൊണ്ടായത് കൊണ്ട് മാത്രമാണ് ഈ സിനിമയിൽ ഐ ബിയെ പ്രതിസ്ഥാനത്ത് നിർത്തിയത്. ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന രണ്ട് കേന്ദ്ര ഏജൻസികൾക്കെതിരേയാണ് കൃത്യമായി ഈ സിനിമയിൽ അജണ്ട സെറ്റ് ചെയ്തിരിക്കുന്നത്. മജ്ഞു വാര്യരുടെ കഥാപാത്രത്തെ സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യേണ്ടത് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് ആയിരിക്കെ ഇതിൽ എൻ ഐ എ ആണ് വരുന്നത്. അതിലുപരി ആ ഏജൻസിയിലെ കേരളത്തിൽ നിന്നുള്ള സ്റ്റാർ ഉദ്യോഗസ്ഥനായ ഷൗക്കത്തലിയുടെ രൂപഭാവമുള്ള ഒരാളെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും ശ്രദ്ധിക്കുക.
ഇനി സിനിമയിൽ മറ്റൊരു ഭാഗമുണ്ട്. ഒരു സീനിൽ പശുക്കളെ മുന്നിൽ നിർത്തി പിറകിൽ നിന്ന് ആക്രമിച്ച് ബിജെപി നേതാക്കളെയും അവരുടെ കൂടെച്ചേർന്ന ജതിൻ രാം ദാസിനേയും മറ്റും തട്ടിക്കൊണ്ടുപോകുന്ന ഒരു സീൻ. പണ്ട് മുസ്ലിം ആക്രമണകാരികൾ ഹിന്ദു രാജാക്കന്മാരെ തോൽപ്പിക്കാൻ പശുക്കളെ മുന്നിൽ നിർത്തി (മനുഷ്യകവചം എന്നപോലെ പശു കവചം) പിന്നിൽ നിന്ന് ഹിന്ദു രാജാക്കന്മാരെ ആക്രമിക്കുന്ന ചരിത്രത്തിൻ്റെ ഡയറക്ട് റഫറൻസ് ആണാ ഭാഗം. പശുക്കൾ മുന്നിൽ നിൽക്കുമ്പോൾ അവയെ പവിത്രമായി കരുതുന്ന ഹിന്ദുക്കൾ പശുക്കൾക്ക് പരിക്കുപറ്റാതെ ആയുധം താഴെ വയ്ക്കും. മുസ്ലീം ആക്രമണകാരികൾ വിജയിക്കും. അതൊക്കെ ഇതിൽ നായകൻ്റ സ്ട്രാറ്റജിയായാണ് കാട്ടിയിരിക്കുന്നത്. പ്രിഥ്വിരാജിനൊന്നും അത്ര ചരിത്രബോധമൊന്നുമില്ല. മുരളി ഗോപി തന്നെ എഴുതിയതാവണം അത്. അതുപോലെ ഇതിലെ ജതിൻ രാം ദാസ് എന്ന കഥാപാത്രം മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യയുടെ പാരഡിയാണ് അല്ലാതെ പലരും കരുതുന്നത് പോലെ രാഹുൽ ഗാന്ധിയല്ല. നല്ലവരായ ഹിന്ദുത്വ എന്ന ദ്വന്ദ്വം സൃഷ്ടിക്കാൻ വേണ്ടി ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശി രാജമാതാ വിജയ രാജെ സിന്ധ്യയെ മുസ്ലീങ്ങൾക്ക് അഭയം കൊടുക്കുന്ന മുത്തശ്ശിയായി വേറൊരു കഥാപാത്രമായി റഫർ ചെയ്യുന്നുമുണ്ട്. അതൊക്കെ ഒരു രാഷ്ട്രീയ സിനിമയുടെ സ്വാതന്ത്ര്യം. കോൺഗ്രസ്സ് രാഷ്ട്രീയത്തെ പുകഴ്ത്താനുള്ള ടൂളുകൾ.
ഇതൊക്കെ ആധുനികകാലത്ത് ഈ രീതിയിൽ സിനിമയിൽ ഉപയോഗിക്കണമെങ്കിൽ ചില്ലറ ജിഹാദി പണമല്ല ഇതിനു പിന്നിൽ ഒഴുകിയിട്ടുള്ളത്! അവസാന രംഗത്ത് താലിബാൻ വേഷമണിഞ്ഞ് ഗുജറാത്തിയായ നായകൻ എത്തുന്നതൊക്കെ ഡയറക്ട് ഇസ്ലമിസ്റ്റ് പ്രൊപ്പഗണ്ടയാണ്.
അതുപോളെ ഇപ്പോൾ തണുത്തിരിക്കുന്ന മുല്ലപ്പെരിയാർ വിവാദം കത്തിക്കാനുദ്ദേശിച്ചുള്ള പരാമർശങ്ങൾ. മുല്ലപ്പെരിയാർ തകർക്കാനുള്ള ഗൂഢാലോചനാ പരാമർശങ്ങളൊക്കെ കൃത്യമായ അജണ്ടയോടെ സെറ്റ് ചെയ്തിട്ടുള്ളതാണ്.
അധികാരത്തിലിരിക്കുന്ന ബി ജെ പിക്ക് മുസ്ലിം അന്യവൽക്കരണമല്ല, കൂടുതൽ മുസ്ലീങ്ങളും അവരെ അനുകൂലിക്കണം എന്നും അത്യാവശ്യം ഹാർമണിയോടെ എല്ലാവരും ഒരുമിച്ച് പോണമെന്നുമാണ് ലക്ഷ്യം. അത് മനസ്സിലാക്കണമെങ്കിൽ ഒരു പർദയിട്ട സ്ത്രീ ബിജെപി കൊടി പിടിച്ച് നിന്നാൽ എത്രപേർ അത് വലിയ കാര്യമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുമെന്ന ലളിതമായ ഒരു ചിന്താപരീക്ഷണം ചെയ്ത് നോക്കിയാൽ മതി.
അപ്പോൾ സിനിമയിലെ ഈ ഏകപക്ഷീയമായ ചിത്രീകരണം ഇസ്ലമിസ്റ്റ് ഇരവാദത്തിന് ചുക്കാൻ പിടിക്കാനും, കലാപങ്ങളുടെ മുറിവുകൾ മറന്ന് തുടങ്ങി സഹകരിച്ച് ജീവിക്കുന്ന ഗുജറാത്തിൽ ഉൾപ്പെടെയുള്ള മുസ്ലീങ്ങളുടേയും ഹിന്ദുക്കളുടേയും മനസ്സിൽ ധ്രുവീകരണം ഉണ്ടാക്കാനും വേണ്ടി തന്നെയാണ്.
ഇസ്ലാമിക റാഡിക്കലൈസേഷൻ ലോകം മുഴുവൻ നിലനിൽക്കുന്നത് ഇരവാദം കൊണ്ടാണ്. പാലസ്തീനിൽ ഇസ്രേയലിനെതിരെയുള്ള ഇരവാദം, അറബ് ലോകത്ത് പാശ്ചാത്യ ശക്തികൾക്കെതിരെയുള്ള ഇരവാദം. ഇസ്ലം തുടങ്ങിയത് മുതൽ ഈ ഇരവാദം അവരുടെ കോർ അജണ്ടയാണ്. മദീനയിൽ ഖുറൈഷികൾക്കെതിരെയുള്ള ഇരവാദത്തിൽ നിന്ന് തുടങ്ങിയതാണ് ഇസ്ലാമിസ്റ്റ് കൂട്ടക്കൊലകൾക്ക് ഇരവാദത്തിൻ്റെ മറപിടിക്കാനുള്ള ചരിത്രായനം.
പലരും പറയുന്ന പോലെ സിനിമ അത്ര എൻഗേജിങ് അല്ലാത്തതൊന്നുമല്ല. ഒരു ശരാശരി മുസ്ലീമിനെ കൂടുതൽ ഹിന്ദുവിരുദ്ധനാക്കാൻ വേണ്ട സകല ചേരുവയും സിനിമയിലുണ്ട്. ഇത് ഹിന്ദു വിരുദ്ധത എന്നതിനേക്കാൾ മുസ്ലിം ഇരവാദ സിനിമയാണ്. A history of victimisation, real or perceived, can create fertile ground for extremist ideologies to take root എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്.
അതായത് ഈ സിനിമ സംഘപരിവാറിനെ ലക്ഷ്യം വച്ചുള്ളതല്ല. സമാധാനമായി ജീവിക്കാൻ ഉദ്ദേശിക്കുന്ന സാധാരണ ഇന്ത്യൻ മുസ്ലീമിനെ പോപ്പുലർ ഫ്രണ്ടിൻ്റെ ട്രെയിനിങ് ക്യാമ്പുകളിൽ എത്തിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. ഇതിന് എവിടുന്ന് ഫണ്ട് കിട്ടിയാലും അതിനു പിറകിൽ പോപ്പുലർ ഫ്രണ്ടിൻ്റേയും പാകിസ്ഥാൻ ഐ എസ് ഐയുടേയും കൈകളുണ്ട് എന്നതിൽ ഒരു സംശയവുമില്ല.
ഇതൊരു കലാരൂപമല്ല, കലാപാഹ്വാനമാണ്..
Discussion about this post