ന്യൂഡൽഹി : കമ്യൂണിസ്റ്റ് ഭീകരവാദ രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പിൽ, ഇടത് തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളുടെ എണ്ണം 12 ൽ നിന്ന് കേവലം 6 ആക്കി കുറച്ചുകൊണ്ട് നമ്മുടെ രാഷ്ട്രം ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.ഭീകരതയോട് സഹിഷ്ണുത ഇല്ലാത്ത സമീപനവും സമഗ്ര വികസനത്തിനായുള്ള അക്ഷീണ ശ്രമങ്ങളും കൊണ്ട് മോദി ഗവണ്മെന്റ് ശക്തവും, സുരക്ഷിതവും, സമൃദ്ധവുമായ ഭാരതം കെട്ടിപ്പടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2026 മാർച്ച് 31 ഓടെ രാജ്യത്തുനിന്ന് കമ്യൂണിസ്റ്റ് ഭീകര വാദത്തെ ഉന്മൂലനം ചെയ്യാൻ ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു.
രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരവാദം ബാധിച്ച ജില്ലകളുടെ എണ്ണം 38 ആയിരുന്നു. ഇതിൽ, തീവ്ര പ്രശ്ന ബാധിതമായ ജില്ലകളുടെ എണ്ണം 12 ൽ നിന്ന് 6 ആയി കുറഞ്ഞു. ആശങ്കാജനകമായ ജില്ലകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഇത് 9 ൽ നിന്ന് 6 ആയാണ് കുറഞ്ഞത് . മറ്റ് കമ്യൂണിസ്റ്റ് ഭീകര ബാധിത ജില്ലകളുടെ എണ്ണവും 17 ൽ നിന്ന് 6 ആയി കുറഞ്ഞിട്ടുണ്ട്
ഛത്തീസ്ഗഢിലെ 4 ജില്ലകൾ (ബീജാപൂർ, കാങ്കർ, നാരായൺപൂർ, സുക്മ), ജാർഖണ്ഡിലെ ഒരു ജില്ല (പടിഞ്ഞാറൻ സിംഗ്ഭൂം), മഹാരാഷ്ട്രയിലെ ഒരു ജില്ല (ഗഡ്ചിരോളി) എന്നിവയാണ് നിലവിൽ കമ്യൂണിസ്റ്റ് ഭീകരത നടമാടുന്ന ജില്ലകൾ.
നിരന്തരമായ നടപടികളെ തുടർന്ന് മറ്റ് ഇടത് തീവ്രവാദ ബാധിത ജില്ലകളുടെ എണ്ണവും 17 ൽ നിന്ന് 6 ആയി കുറഞ്ഞിട്ടുണ്ട്. ഇതിൽ ഛത്തീസ്ഗഢിലെ ദന്തേവാഡ, ഗരിയാബന്ദ്, മൊഹ്‌ല-മാൻപൂർ-അംബഗഢ് ചൗക്കി ജാർഖണ്ഡിലെ ലത്തേഹാർ, ഒഡീഷയിലെ നുവാപാഡ, തെലങ്കാനയിലെ മുളുഗു എന്നീ ജില്ലകൾ ഉൾപ്പെടുന്നു.
തീവ്ര പ്രശ്ന ബാധിത ജില്ലകൾക്കും ആശങ്കാജനകമായ ജില്ലകൾക്കും പൊതു അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ നികത്തുന്നതിനായി കേന്ദ്ര സർക്കാർ യഥാക്രമം 30 കോടി രൂപയും 10 കോടി രൂപയും സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇതിനുപുറമെ, ആവശ്യാനുസരണം ഈ ജില്ലകൾക്കായി പ്രത്യേക പദ്ധതിസഹായവും നൽകുന്നു. കലാപബാധിത പ്രദേശങ്ങളിൽ പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചത് ഭീകരവിരുദ്ധ പോരാട്ടത്തിൽ നിർണായകമായി. റോഡുകളുടെ വികസനം, ഗതാഗത സൗകര്യങ്ങൾ, വെള്ളം, വൈദ്യുതി, മറ്റ് വികസനോന്മുഖ ക്ഷേമ പദ്ധതികൾ എന്നിവ ഗ്രാമീണരിലേക്ക് നേരിട്ട് എത്തിച്ചു നൽകിയതോടെ ഇടത് തീവ്രവാദ കേസുകളിൽ ദ്രുതഗതിയിലുള്ള കുറവുണ്ടാവുകയായിരുന്നു.
Discussion about this post