ന്യൂഡൽഹി : സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പരിഹാസത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മറുപടിയാണ് ഇന്ന് പാർലമെന്റിൽ ശ്രദ്ധേയമായി മാറിയത്. വഖഫ് ബിൽ ചർച്ചയ്ക്ക് ഇടയിൽ ആയിരുന്നു അഖിലേഷ് യാദവ് ബിജെപിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടി എന്ന് പറയപ്പെടുന്ന ബിജെപിക്ക് ഇതുവരെ പാർട്ടിയുടെ ദേശീയ അധ്യക്ഷനെ പോലും തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആയിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം.
ഈ പ്രസ്താവനയിൽ അഖിലേഷ് യാദവിന് മറുപടിയുമായി രംഗത്ത് വന്നത് സാക്ഷാൽ അമിത് ഷാ തന്നെയായിരുന്നു. അഖിലേഷ് യാദവിന്റെ പാർട്ടിയെ പോലെയോ മറ്റു പ്രതിപക്ഷ പാർട്ടികളെ പോലെയോ അധ്യക്ഷനെ തിരഞ്ഞെടുക്കുക എന്നത് ബിജെപിക്ക് സാധിക്കുന്ന കാര്യമല്ല എന്ന് അമിത് ഷാ വ്യക്തമാക്കി. കാരണം സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് കുടുംബത്തിലെ അഞ്ച് അംഗങ്ങളിൽ നിന്നും ആരെയെങ്കിലും അധ്യക്ഷനായി തിരഞ്ഞെടുത്താൽ മതി. പക്ഷേ ബിജെപിക്ക് 13 കോടി അംഗങ്ങളിൽ നിന്നുമാണ് ഒരു ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ടുതന്നെ അല്പം സമയം എടുക്കും എന്നായിരുന്നു അമിത് ഷാ മറുപടി നൽകിയത്.
സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷനെ കുറിച്ച് ഓർത്ത് ഒരിക്കലും അഖിലേഷ് യാദവിന് തലപുകക്കേണ്ടി വരില്ല എന്നും അമിത് ഷാ ലോക്സഭയെ അറിയിച്ചു. കാരണം അടുത്ത 25 വർഷവും അദ്ദേഹം തന്നെയായിരിക്കും പാർട്ടി അധ്യക്ഷൻ എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് ഒരിക്കലും സമയം പാഴാക്കേണ്ടി വരില്ല എന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അഖിലേഷ് യാദവിന്റെ തൊലിയുരിക്കുന്ന ഈ മറുപടി ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലും ശ്രദ്ധേയമാവുകയാണ്.
Discussion about this post