പാലക്കാട് : ഉത്സവാഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച് അവശനിലയിൽ കുട്ടികളെ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. 15 വയസുള്ള കുട്ടികളെയാണ് ഉത്സവപ്പറമ്പിൽ മദ്യപിച്ച് അവശനിലയിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്. കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അമിതമായ അളവിൽ മദ്യം കഴിച്ച രണ്ട് വിദ്യാർത്ഥികളെയാണ് ഉത്സവപ്പറമ്പിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയിരുന്നത്. ഇരുവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ കൂനത്തറ സ്വദേശി ക്രിസ്റ്റിയെ(21) പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
ആര്യങ്കാവ് അഞ്ചാം വേലക്കിടെ ആയിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളായ നാല് പേര്‍ ചേര്‍ന്നാണ് മദ്യം വാങ്ങിയത്. മുതിർന്നവർ കുടിച്ച ശേഷം ബാക്കി മദ്യം കുട്ടികൾക്ക് നൽകുകയായിരുന്നു. എന്നാൽ മദ്യം അമിതമായി കഴിച്ചതോടെ കുട്ടികളുടെ ശാരീരിക സ്ഥിതി വഷളാവുകയായിരുന്നു. ക്രിസ്റ്റിക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post