ബീജിംഗ്: അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ഏർപ്പെടുത്താനുള്ള ചൈനയുടെ തീരുമാനത്തിൽ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ്. ചൈനീസ് ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ ട്രംപിനുള്ള മറുപടിയായിരുന്നു ചൈനയുടെ അധിക തീരുവ, ഇതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ചൈന തെറ്റായി പെരുമാറി, അവർ പരിഭ്രാന്തരായി – അവർക്ക് ചെയ്യാൻ കഴിയാത്ത ഒരു കാര്യമെന്നാണ് ട്രംപ് പ്രതികരിച്ചത്.
ചൈനയുടെ ഉത്പന്നങ്ങൾക്ക് ട്രംപ് കഴിഞ്ഞ ദിവസം 34 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതോടെ ചൈനയുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക ഈടാക്കുന്ന മൊത്തം തീരുവ 54 ശതമാനമായി ഉയർന്നതാണ് ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ഇതിന് തിരിച്ചടിയായാണ് അധിക തീരുവ ഏർപ്പെടുത്തിയത്. കൂടാതെ 11 യുഎസ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും സെമികണ്ടക്ടർ നിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന റെയർ എർത്ത് മൂലകങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
പ്രതിവർഷം 34.8 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് ചൈന അമേരിക്കയിലേക്ക് അയയ്ക്കുന്നത്.അതേസമയം,12.53 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് അമേരിക്ക ചൈനയിലേക്ക് അയയ്ക്കുന്നത്.ചൈനയുടെ നടപടിക്ക് പിന്നാലെ വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ കനത്ത ഇടിവാണ് അമേരിക്കൻ ഓഹരി വിപണി നേരിടുന്നത്. കോവിഡിന് ശേഷം യുഎസ് വിപണിയിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിദിന തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
Discussion about this post