കൊളംബോ: ശ്രീലങ്ക-ഇന്ത്യ ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക്. ഇന്ന് അനുരാധപുരത്തിലെത്തിയ മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുരകുമാര ദിസനായകേയും സംയുക്തമായി മഹോ – അനുരാധപുര റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള ഒരു പദ്ധതിയാണിത്. മഹോ-ഒമാന്തായി റെയിൽവേ ലൈനിന്റെ റെയിൽവേ ട്രാക്ക് ഉദ്ഘാടനവും മോദി നിർവഹിച്ചു.
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി മോദി ശ്രീലങ്കയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. മോദിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡായ മിത്ര വിഭൂഷണം സമ്മാനിച്ച് ശ്രീലങ്ക ബന്ധം ഊട്ടിയുറപ്പിച്ചിരുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതുവായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെ ആദരിച്ചുകൊണ്ടാണ് പുരസ്‌കാരം ലഭിച്ചത്. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകേയാണ് പുരസ്‌കാരം മോദിക്ക് നൽകിയത്. ഒരു വിദേശ രാജ്യം പ്രധാനമന്ത്രി മോദിക്ക് നൽകുന്ന 22-ാമത് അന്താരാഷ്ട്ര അംഗീകാരമാണിത് എന്നതും ശ്രദ്ധേയമാണ്. ചരിത്രപരമായ പ്രതിരോധ സഹകരണ ഉടമ്പടിയിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു.
അതേസമയം ഊർജ്ജം, വ്യാപാരം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷൻ, പ്രതിരോധം എന്നീ മേഖലകളിലാകെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ യാത്രയുടെ മുഖ്യ അജണ്ഡയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
Discussion about this post