മനുഷ്യന് കേൾക്കാനും കാണാനും കൗതുകം ഏറെയാണെങ്കിലും ഛിന്നഗ്രഹമെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്. പണ്ട് പണ്ട് ഒരു ഛിന്നഗ്രഹം വന്നിടിച്ചതിന്റെ പരിണിതഫലമാണല്ലോ ഇന്ന് ഈ കാണുന്ന ഭൂമിയിലെ ജീവജാലങ്ങൾ. ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചാലുള്ള അവസ്ഥ അത്രയ്ക്കും ഭീകരമാണ്. ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ അന്തരീക്ഷത്തിൽ പൊടിയും പുകയും ഉയരുകയും സൂര്യപ്രകാശം താഴേക്ക് എത്തുന്നത് തടയുകയും ചെയ്യും. ഇതോടെ ഭൂമിയിലെ മൊത്തം താപനില കുറയുകയും ചെയ്യും. ഈ സംഭവം പല ജീവജാലങ്ങളുടെയും ജീവനു ഭീഷണിയായേക്കാം. ഉദാഹരണത്തിന് ഒരു കെട്ടിടത്തിന്റെ വലുപ്പത്തിലുള്ള ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ അത് ചെറിയൊരു നഗരത്തെ തകർത്തേക്കാം. 20 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ അത് ചെറിയൊരു രാജ്യത്തെ തന്നെ പൂർണമായും നശിപ്പിച്ചേക്കാം.
അതുകൊണ്ട് തന്നെ ഭൂമിയുടെ ലക്ഷം കീലോമീറ്ററുകൾക്ക് അപ്പുറം പോകുന്ന ഛിന്നഗ്രഹങ്ങളെ പോലും നാം സംശയദൃഷ്ടിയോടെയാണ് കാണുന്നത്. അടുത്ത കാലത്തായി ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ചങ്കിടിപ്പ് കൂട്ടിയ ഛിന്നഗ്രഹമാണ് 2024 വൈആർ4 എന്ന ചിന്നഗ്രഹം. 2032 ഡിസംബർ 22 ന് ഇത് ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഇത് വരെ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്. അപകട സാധ്യതയാൽ ‘സിറ്റി-കില്ലർ’ എന്ന വിശേഷണം ഇതിനകം ഈ ഛിന്നഗ്രഹത്തിന് ലഭിച്ചിരുന്നു.
എന്നാൽ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള പുതിയ ചില വിവരങ്ങൾ ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത സംബന്ധിച്ച പുതിയ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നതാണ്. ഇത്രയും നാൾ 2024 വൈആർ4 എന്ന ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനാണ് സാധ്യതയെന്നാണ് കരുതിയിരുന്നെങ്കിൽ, ഭൂമിയേക്കാൾ ചന്ദ്രനുമായി ആ കൂട്ടിയിടി സംഭവിക്കാനാണ് സാധ്യതയെന്നാണ് പുതിയ പഠനം പറയുന്നത്.
ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. 2032ൽ 2024 വൈആർ4 ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത ഏകദേശം 2 ശതമാനം സാധ്യതയിൽ നിന്ന് 3.8% ആയി ഉയർന്നതായി നാസ പുതിയ അപ്ഡേറ്റിൽ വ്യക്തമാക്കി.ഫെബ്രുവരിയിൽ, നാസ 1.7 ശതമാനം സാധ്യതയാണ് കണക്കാക്കിയിരുന്നത്.
ചന്ദ്രനെ ലക്ഷ്യമാക്കിയാണ് സിറ്റി കില്ലർ നീങ്ങുന്നതെങ്കിൽ ആ കൂട്ടിയിടി ഒഴിവാക്കാനാവില്ല. അന്തരീക്ഷം പോലുമില്ലാത്ത ചന്ദ്രനിൽ വളരെ എളുപ്പം തീവ്രമായ വേഗതയിൽ ഛിന്നഗ്രഹം പതിക്കും. ആ കൂട്ടിയിടി ചന്ദ്രോപരിതലത്തിൽ ഭീമൻ ഗർത്തം സൃഷ്ടിക്കും. അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങൾ ബഹിരാകാശത്തേക്ക് പറന്നുയർന്നേക്കാം. ആ അവശിഷ്ടങ്ങൾ പുതിയ ഛിന്നഗ്രഹങ്ങളായി ഭൂമിയിൽ പതിക്കുകയോ ബഹിരാകാശത്തെവിടേക്കെങ്കിലും സഞ്ചാരം ആരംഭിക്കുകയോ ചെയ്തേക്കാം.
കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന കണികാ മേഘങ്ങൾ രൂപപ്പെടുന്നതിനും അത് ബഹിരാകാശത്തെ ചന്ദ്രനും ഭൂമിക്കുമിടയിലുള്ള മനുഷ്യനിർമിത ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തേക്കാം. ഭാവി ചാന്ദ്രദൗത്യങ്ങൾക്കും ഈ കൂട്ടിയിടിയുടെ ഫലമായി ചന്ദ്രോപരിതലത്തിൽ സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങൾ ഭീഷണിയായേക്കാം.
Discussion about this post