ന്യൂയോർക്ക് : മൈക്രോസോഫ്റ്റിന്റെ 50-ാം വാർഷിക പരിപാടിയിൽ പ്രതിഷേധിച്ച ഇന്ത്യൻ വംശജ രാജി വെച്ചു. ഗാസയിൽ വംശഹത്യ നടത്താൻ മൈക്രോസോഫ്റ്റ് പിന്തുണ നൽകി എന്നായിരുന്നു ഇന്ത്യൻ വംശജയായ യുവതി ആരോപിച്ചിരുന്നത്. നിലവിലെ മൈക്രോസോഫ്റ്റ് സിഇഒയും മുൻ സിഇഒമാരും ഉൾപ്പെടെ പങ്കെടുത്ത പരിപാടിക്കിടയിൽ ആയിരുന്നു യുവതിയുടെ പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ യുവതിയെ പരിപാടി നടന്ന സ്ഥലത്തുനിന്നും പുറത്താക്കിയിരുന്നു.
ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കത്തിൽ മൈക്രോസോഫ്റ്റിന് പങ്കുണ്ടെന്നാണ് വാനിയ അഗർവാൾ എന്ന ഇന്ത്യൻ വംശജരായ യുവതി പ്രതിഷേധത്തിനിടെ ആരോപിച്ചത്. മൈക്രോസോഫ്റ്റ് ബ്യൂറോക്രറ്റ്സ് ആണെന്നും വംശഹത്യയ്ക്ക് കൂട്ടുനിന്നു എന്നും മുദ്രവാക്യം വിളിച്ചു കൊണ്ടായിരുന്നു വാർഷിക പരിപാടിയിൽ യുവതി സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവർ സന്നിഹിതരായ പരിപാടിയിൽ വച്ചായിരുന്നു ഇന്ത്യൻ വംശജയുടെ ഈ പ്രകടനം.
ഗാസയിലെ 50,000 പലസ്തീനികളെ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് യുവതി അലറി വിളിച്ചു. ഈ വാക്കുകൾ കേട്ട് ചടങ്ങിൽ സന്നിഹിതരായിരുന്ന മറ്റു ചില ഉദ്യോഗസ്ഥർ ഈ യുവതിയെ കൂക്കി വിളിക്കുകയും ചെയ്തിരുന്നു. സത്യ നാദെല്ല, സ്റ്റീവ് ബാൽമർ, ബിൽ ഗേറ്റ്സ് എന്നിവരെല്ലാം ഈ സമയം സ്ഥലത്തുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വാനിയ അഗർവാളിനെ പിടിച്ചു പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ താൻ കമ്പനിയിൽ നിന്നും രാജിവെക്കുകയാണെന്ന് യുവതി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
Discussion about this post