മലയാളത്തിൽ ശരീരസൗന്ദര്യവും ആക്ഷനും ഒരുപോലെ ഒത്തിണങ്ങിയ ലക്ഷണമൊത്ത വില്ലൻ ആരാണെന്ന് ചോദിച്ചാൽ പണ്ടത്തെ സിനിമ ഇഷ്ടപ്പെടുന്നവർ പറയുന്ന പേരാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ മാസ് ആക്ഷൻ രംഗങ്ങൾക്ക് ഏറെ ആരാധകരാണുള്ളത്. കരിയറിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ഇന്നും അദ്ദേഹത്തിന് താരപ്രഭയുണ്ട്. ഇപ്പോഴിതാ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. എമ്പുരാൻ സിനിമയിലേക്ക് പൃഥ്വിരാജ് വിളിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ലെന്ന അദ്ദേഹം പറയുന്നു.
ബാബു ആന്റണിയുടെ വാക്കുകളിലേക്ക്
എമ്പുരാനിൽ പൃഥ്വി വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയൊരു സിനിമ വരുമ്പോൾ പ്രത്യേകിച്ച്, പൃഥ്വിരാജ് ഒക്കെ നമ്മുടെ മടിയിൽ ഇരുന്ന് വളർന്ന ആളാണ്. കാർണിവലിന്റെ സമയത്ത് പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പൃഥ്വിയുടെ ബ്രദർ, ഫഹദ് ഒക്കെ നമ്മുടെ മടിയിലിരുന്ന് വളർന്ന പിള്ളേരാണ്. അതുകൊണ്ട് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വലിയ ആക്ഷൻ സിനിമ ആണല്ലോ. ചിലപ്പോൾ നമ്മളൊരു വീട് പണിയുമ്പോൾ നല്ല പൈസ ഉണ്ടെങ്കിൽ മാർക്കറ്റിലെ ഏറ്റവും നല്ല ഉത്പന്നം തന്നെ ഉപയോഗിക്കുമല്ലോ. ആക്ഷൻ നമ്മൾ അത്യാവശ്യം നന്നായിട്ട് തന്നെ ചെയ്യുന്നത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു. പിന്നെ ഏത് ക്യാരക്ടർ വേണം, ഏതൊക്കെ വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അതൊക്കെയും ഓരോരുത്തരുടെയും താൽപര്യങ്ങൾ അല്ലേ. പക്ഷേ ജനങ്ങൾ ഒരുപാട് ജനങ്ങളും പ്രതീക്ഷിച്ചിരുന്നു. പിന്നെ ഡ്രാഗൺ ക്യാരക്ടറിൽ ഞാൻ ആയിരുന്നുവെങ്കിൽ തിയേറ്റർ കത്തിച്ചേനെ എന്നൊക്കെയുള്ള കമന്റുകൾ ഒക്കെ കണ്ടിരുന്നു. കായംകുളം കൊച്ചുണ്ണിയിലും, ആർഡിഎക്സിലും ഒക്കെ കിട്ടിയിരുന്ന കൈയടി അതിന് ഉദാഹരണമായിരുന്നുവെന്ന് താരം പറഞ്ഞു.
Discussion about this post