ന്യൂഡൽഹി : ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നിയന്ത്രിത മേഖലയായ സെന്റിനൽ ദ്വീപിൽ അനുവാദമില്ലാതെ പ്രവേശിച്ച അമേരിക്കൻ യൂട്യൂബർ അറസ്റ്റിൽ. മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ് എന്ന യൂട്യൂബർ ആണ് അറസ്റ്റിൽ ആയത്. മാർച്ച് 31 ന് പോർട്ട് ബ്ലെയറിൽ വെച്ചാണ് ഇയാൾ അറസ്റ്റിൽ ആയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതി ഇയാളെ 14 ദിവസത്തെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
സെന്റിനൽ ദ്വീപിൽ താമസിക്കുന്ന പുരാതന ഗോത്രവർഗ്ഗമായ സെന്റിനലീസ് ഗോത്രത്തെ കാണുക എന്നുള്ളതായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായാണ് ദ്വീപിൽ പ്രവേശിച്ചതെങ്കിലും അധിക ദൂരം സഞ്ചരിച്ചില്ലെന്നും ഗോത്ര വർഗ്ഗത്തിൽ ഉള്ള ആരെയും കണ്ടില്ലെന്നുമാണ് ഇയാൾ വ്യക്തമാക്കുന്നത്. ദ്വീപിൽ നിന്ന് മടങ്ങുമ്പോൾ കൈവശമുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കും തേങ്ങകളും ഇയാൾ അവിടെ ഉപേക്ഷിച്ചതായി പോലീസ് വ്യക്തമാക്കുന്നു.
അനുമതിയില്ലാതെ സെന്റിനൽ ദ്വീപിലേക്ക് പ്രവേശിക്കുന്നത് അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജിപിഎസ് നാവിഗേഷൻ ഉപയോഗിച്ചാണ് പോളിയാക്കോവ് ദ്വീപിലേക്ക് എത്തിയിരുന്നത്. ഏതാണ്ട് ഒരു മണിക്കൂറോളം സമയം മാത്രമാണ് ഇയാൾ ദ്വീപിൽ ചിലവഴിച്ചത്. ദ്വീപിലേക്ക് പോകുന്നതിനുമുമ്പ് കടലിന്റെ അവസ്ഥ, വേലിയേറ്റം, ദ്വീപിലെത്താനുള്ള വഴികൾ എന്നിവയെക്കുറിച്ച് പോളിയാക്കോവ് വിപുലമായ ഗവേഷണം നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. ഇയാൾ തിരികെ മടങ്ങുന്നത് കണ്ട് ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയാണ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് പോർട്ട് ബ്ലെയറിൽ നിന്നും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായതും ഒറ്റപ്പെട്ട് ജീവിക്കുന്നവരുമായ ഗോത്രവർഗ്ഗമാണ് സെന്റിനലീസ്. അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടിയാണ് ഈ മനുഷ്യർ ഇപ്പോഴും ജീവിക്കുന്നത്. പുറത്തുനിന്നുള്ള മനുഷ്യരെ ഇവർ ദ്വീപിലേക്ക് പ്രവേശിപ്പിക്കാറില്ല. സെന്റിനലീസ് ഗോത്രത്തിന്റെ കൺമുന്നിൽ പെട്ട ഒരാളും ജീവനോടെ മടങ്ങിയിട്ടുമില്ല. പുരാതനമായ ഈ ഗോത്ര വർഗ്ഗത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവിതശൈലി സംരക്ഷിക്കുന്നതിനായി, പുറത്തുനിന്നുള്ളവരുടെ പ്രവേശനം സെന്റിനൽ ദ്വീപിൽ നിയമപരമായി നിരോധിച്ചിട്ടുണ്ട്.
2018-ൽ ക്രിസ്തുമതത്തിന്റെ പ്രചാരണത്തിനായി ഈ ദ്വീപിലേക്ക് എത്തിയ ഒരു ക്രിസ്ത്യൻ മിഷനറി പ്രവർത്തകനെ സെന്റിനലീസ് ജനത അമ്പെയ്ത് കൊലപ്പെടുത്തിയിരുന്നു. ഗോത്രത്തെ ബന്ധപ്പെടാനും അവർക്ക് ചില സമ്മാനങ്ങൾ നൽകാനും അയാൾ രണ്ടുതവണ ശ്രമിച്ചു. ആദ്യ ദിവസം അയാൾക്ക് ഗോത്രത്തിലുള്ള ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. 2018 നവംബർ 16 ന് രാവിലെ, ജോൺ അവസാനമായി ഒരിക്കൽ കൂടി ദ്വീപിൽ ഇറങ്ങാൻ ശ്രമിച്ചു. ജോൺ കരയിലേക്ക് അടുക്കുമ്പോൾ തന്നെ സെന്റിനലീസ് ജനത അയാൾക്ക് നേരെ അമ്പുകൾ എയ്തതായി അല്പം ദൂരെയുള്ള മറ്റൊരു ദ്വീപിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കണ്ടു. അമ്പേറ്റ് മരിച്ചുവീണ ജോണിനെ സെന്റിനലീസ് ജനത കടലോരത്തെ മണലിൽ കുഴിച്ചിടുകയായിരുന്നു. നിലവിൽ സെന്റിനൽ ദ്വീപിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഇന്ത്യൻ സർക്കാർ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
Discussion about this post