ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയൽവാസിയായ മൗലാന പിടിയിൽ. പെൺകുട്ടി വീട്ടിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്. സംഭവത്തിൽ പിൽഖുവ കോട്‌വാലി സ്വദേശിയായ മൗലാന ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളോളമായി കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 14-ന് പെൺകുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം ഡോക്ടർമാർ അറിയിക്കുന്നത്. വീട്ടുകാർ വിവരമറിഞ്ഞ് ഞെട്ടിനിൽക്കുന്നതിനിടെ അന്നുതന്നെ പെൺകുട്ടി വീട്ടിൽ വെച്ച് പ്രസവിക്കുകയും ചെയ്തു. പെൺകുട്ടിക്ക് ഗർഭധാരണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അയൽവാസിയായ മൗലാന ഇസ്ലാം തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയെത്തിയായിരുന്നു പീഡനം. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും കുട്ടി മൊഴി നൽകി.
അമ്രോഹ സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് വർഷങ്ങളായി പിൽഖുവയിലെ ഭാര്യാഗൃഹത്തിൽ താമസിച്ച് കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ഫെബ്രുവരി 17-ന് പോലീസ് കേസെടുക്കുകയും 18-ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെയും നവജാതശിശുവിനെയും വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും ആരോഗ്യവാന്മാരാണെന്ന് പിൽഖുവ കോട്‌വാലി ഇൻസ്‌പെക്ടർ മനീഷ് ചൗഹാൻ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് നടുക്കുന്ന ഈ വാർത്ത കൂടി പുറത്തുവരുന്നത്.











