മുംബൈ : പ്രശസ്ത ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ അംഗമായിരുന്ന കേദാർ ജാദവ് കഴിഞ്ഞവർഷമായിരുന്നു ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നത്. മുംബൈയിൽ മഹാരാഷ്ട്ര മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ചന്ദ്രശേഖർ ബവൻകുലെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
2014 ൽ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തെ കായിക താരങ്ങൾക്ക് ലഭിച്ച സ്നേഹവും സ്വീകരണവും ശരിക്കും പ്രചോദനകരമായിരുന്നു എന്ന് കേദാർ ജാദവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഏറെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പിന്തുണയാൽ കായിക ഇന്ത്യ ഇന്ന് വലിയ ഉയരങ്ങളാണ് കീഴടക്കുന്നത്. ക്രിക്കറ്റ് പോലെ തന്നെ മറ്റു കായിക വിനോദങ്ങൾക്കും അദ്ദേഹത്തിന്റെ സർക്കാർ വലിയ പ്രാധാന്യം നൽകുന്നു എന്നും കേദാർ ജാദവ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി മോദിയുടെ പാത പിന്തുടരുകയും ബിജെപിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയ സംഭാവനകൾ നൽകുകയും ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. 39 കാരനായ കേദാർ ജാദവ് കഴിഞ്ഞ വർഷം ജൂണിലാണ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2020 ഫെബ്രുവരി 8 ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയ്ക്കായി അദ്ദേഹം അവസാന മത്സരം കളിച്ചിരുന്നത്. ഇന്ത്യൻ ടീമിന് പുറമെ, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കേദാർ വളരെക്കാലം കളിച്ചിട്ടുണ്ട്.
Discussion about this post