റായ്പൂർ : ഛത്തീസ്ഗഡിൽ ഇന്ന് തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ടിരുന്ന നാല് കമ്മ്യൂണിസ്റ്റ് ഭീകരർ ഉൾപ്പെടെ 22 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബിജാപൂർ ജില്ലയിൽ ആണ് ഇന്ന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ നടന്നത്. ഇന്നലെ ദന്തേവാഡയിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരരും കീഴടങ്ങിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെ രണ്ടു ദിവസമായി വിധ മേഖലകളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങാൻ എത്തുകയാണ്. ചുവപ്പു ഭീകരത ഉപേക്ഷിച്ച് ആയുധം വെച്ച് കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് അമിത് ഷാ തന്റെ ഛത്തീസ്ഗഡ് സന്ദർശനത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരരോട് ആവശ്യപ്പെട്ടിരുന്നു. അടുത്തവർഷം മാർച്ചിനുള്ളിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭീകരരെ മുഴുവനായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
അമിത് ഷായുടെ ഈ ആഹ്വാനമാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങലിലേക്ക് നയിച്ചിട്ടുള്ളത്. ഇന്ന് കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരരിൽ മാവോയിസ്റ്റ്സ് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) ഒന്നാം ബറ്റാലിയൻ അംഗം കാംലി ഹെംല (32), തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ഒരു കമ്പനിയിലെ പാർട്ടി അംഗം മുയ മാദ്‌വി (19) എന്നിവരുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. കൂടാതെ, വെസ്റ്റ് ബസ്തർ ഡിവിഷനിലെ പ്രസ് ടീം കമാൻഡറായ സോനു താതി (28), ഭൈരാംഗഡ് ഏരിയ കമ്മിറ്റിയിലെ പിഎൽജിഎ അംഗം മഹേഷ് പുനെം എന്നിവർക്ക് അഞ്ച് ലക്ഷം രൂപ വീതവും തലയ്ക്ക് വിലയിട്ടിരുന്നു. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ബിജാപൂർ ജില്ലയിൽ 179 നക്സലുകൾ ആണ് കീഴടങ്ങിയിട്ടുള്ളത്. കൂടാതെ വ്യത്യസ്ത സംഭവങ്ങളിലായി 83 നക്സലുകൾ കൊല്ലപ്പെടുകയും 172 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post