ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ഗൂഢാലോചകരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. കൈമാറ്റത്തിനെതിരെ റാണ നൽകിയ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് ഇയാളെ ഇന്ത്യയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ തുടങ്ങിയത്. ഇന്ന് വൈകുന്നേരം പ്രത്യേക വിമാനത്തിൽ ഡൽഹിയിലാണ് റാണയെ എത്തിച്ചത്. വിവിധ ഏജൻസികളുടെ പ്രതിനിധികൾ ഉൾപ്പെട്ട ഇന്ത്യൻ സംഘം അമേരിക്കയിലെത്തിയാണ് റാണയെ കൊണ്ടുവന്നത്.
പാകിസ്താൻ വംശജനായ കനേഡിയൻ പൗരനാണ് തഹാവൂർ റാണ. മുംബൈ ഭീകരാക്രമണക്കേസിലെ മറ്റൊരു പ്രധാന ഗൂഢാലോചകനും അമേരിക്കൻ പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത സഹായിയാണ് ഇയാൾ.
2008 നവംബർ 26-ന് പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുടെ (എൽഇടി) 10 ഭീകരർ അറബിക്കടലിലൂടെ മുംബൈയിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്തുകയായിരുന്നു. മുംബൈ ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, താജ്, ഒബ്റോയ് എന്നീ ഹോട്ടലുകൾ, ഇസ്രേയൽ പൗരന്മാരുൾപ്പെടെ താമസിക്കുന്ന ഒരു ജൂത കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ആക്രമണം നടന്നത്. ഇരുനൂറോളം പേർ കൊല്ലപ്പെട്ട ആ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ റാണയ്ക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമായ തെളിവുകൾ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. .
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കൻ കോടതികൾ അനുമതി നൽകിയത്. ഇതിനെതിരെ റാണ നൽകിയ അവസാന അപ്പീലാണ് യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. റാണയെ ഇന്ത്യയിലെത്തിച്ചത് മുംബൈ ഭീകരാക്രമണക്കേസിന്റെ തുടരന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പും ചിത്രവും എക്സ് സാമൂഹ്യമാദ്ധ്യമത്തിലൂടേ എൻ ഐ എ പുറത്ത് വിട്ടിട്ടുണ്ട്.
Discussion about this post