ന്യൂഡൽഹി : വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശുകയാണ്. പൊടിക്കാറ്റും ശക്തമായ കാറ്റും കാരണം ഇന്ന് ഡൽഹി വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. രൂക്ഷമായ കാലാവസ്ഥയെ തുടർന്ന് നഗരത്തിൽ ഇന്ന് രാത്രി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹിയിലും ജയ്പൂരിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ടെന്നും ഇത് ടേക്ക് ഓഫുകളെയും ലാൻഡിംഗുകളെയും ബാധിക്കുമെന്നും വിമാന ഗതാഗത തടസ്സത്തിന് കാരണമാകുമെന്നും ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. കനത്ത ഇടിമിന്നലും കാറ്റും വിമാന സർവീസുകളെ ബാധിച്ചതായും ഇതുമൂലം ഡൽഹിയിൽ നിന്നുള്ള ചില എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ചുവിടുമെന്ന് എയർ ഇന്ത്യയും യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും മണിക്കൂറിൽ 40-80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും ജനലുകളും വാതിലുകളും അടച്ചിടണം എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
Discussion about this post