ഗാന്ധിനഗർ : ഗുജറാത്ത് തീരത്ത് ഭീകരവിരുദ്ധ സ്ക്വാഡിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ വൻ മയക്കുമരുന്ന് വേട്ട. 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കള്ളക്കടത്ത് സംഘത്തിൽ നിന്നും കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് പിന്തുടർന്നതോടെ കള്ളക്കടത്ത് സംഘം 300 കിലോയോളം വരുന്ന മയക്കുമരുന്ന്
അന്താരാഷ്ട്ര അതിർത്തി കടന്ന് അറബിക്കടലിലേക്ക് വലിച്ചെറിയുകയായിരുന്നു.
കള്ളക്കടത്ത് സംഘം വലിച്ചെറിഞ്ഞ മയക്കുമരുന്ന് പിടിച്ചെടുത്തതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇത് എടിഎസിന് കൈമാറിയതായും കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മെത്താംഫെറ്റാമൈൻ ആണ് പിടികൂടിയത് എന്നാണ് കോസ്റ്റ് ഗാർഡ് സൂചിപ്പിക്കുന്നത്.
ഗുജറാത്തിന് സമീപമുള്ള അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപം എടിഎസും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഈ വൻ ലഹരിക്കടത്ത് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബോട്ട് അന്താരാഷ്ട്ര അതിർത്തി രേഖ കടന്നുപോയതിനാൽ കോസ്റ്റ് ഗാർഡിന് പിടികൂടാൻ സാധിച്ചില്ല. മേഖലയിൽ തിരച്ചിൽ ശക്തമാക്കിയതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
Discussion about this post