ബംഗളൂരു: ഗാലിയം നൈട്രൈഡ് (GaN) ഓൺ സിലിക്കൺ അടിസ്ഥാനമാക്കി തദ്ദേശീയമായി ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ വിജയകരമായി വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഗവേഷകർ . വാർത്താ വിതരണ മേഖലയിലും സൈനിക ആവശ്യങ്ങക്കും ഉള്ള പ്രക്ഷേപണിയിൽ നിന്ന് അയയ്‌ക്കുന്ന റേഡിയോ തരംഗങ്ങളെ ശക്തിപ്പെടുത്താനാണ് ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നത്.
റഡാറുകൾ, ജാമറുകൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, വാർത്താ വിനിമയം എന്നിവയിൽ വരെ തന്ത്രപരമായി ഉപയോഗിക്കുന്ന ഗാലിയം നൈട്രൈഡ് മൈക്രോവേവ് ട്രാൻസിസ്റ്ററുകൾക്ക് വികസിതരാജ്യങ്ങൾ ഇറക്കുമതി നിയന്ത്രണങ്ങൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സാധാരണ ഇത്തരം GaN ട്രാൻസിസ്റ്ററുകൾ മിക്കവാറും ചെലവേറിയ സിലിക്കൺ കാർബൈഡ് (SiC) പ്ലാറ്റ്‌ഫോമിലാണ് നിർമ്മിക്കുന്നത്. പുതിയ കണ്ടെത്തൽ ഇത്തരം ട്രാൻസിസ്റ്ററുകളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കും. ഇന്ത്യയിൽ ഈ ഉപകരണങ്ങൾക്ക് വലിയ തോതിലുള്ള ഉത്പാദനത്തിനും ഇതോടെ കളമൊരുങ്ങും.
ഐഐഎസ്‌സിയിലെ സെൻ്റർ ഫോർ നാനോ സയൻസ് ആൻഡ് എഞ്ചിനീയറിംഗിലെ (CeNSE) ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. ഈ ട്രാൻസിസ്റ്ററുകൾ പൂർണ്ണമായും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തത് ഐഐഎസ്‌സിയിൽ തന്നെയാണ്.
10 GHz ഫ്രീക്വൻസിയിൽ 8W വരെ പവർ നേടാൻ ഈ ട്രാൻസിസ്റ്ററുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് വളരെ തന്ത്രപ്രധാനമായ നേട്ടമാണെന്ന് ഗവേഷകർ അറിയിച്ചു. ഗാലിയം നൈട്രേറ്റിൻ്റെ പോളറൈസേഷൻ എന്ന ഗുണം ഉപയോഗപ്പെടുത്തിയാണ് ഈ ട്രാൻസിസ്റ്ററുകളുടെ നിർമ്മാണം. ഉയർന്ന വോൾട്ടേജുകളെ പ്രതിരോധിക്കാൻ ഇത്തരം ട്രാൻസിസ്റ്ററുകളിൽ നിർബന്ധമായും ചേർക്കേണ്ട കാർബൺ അല്ലെങ്കിൽ ഇരുമ്പ് പോലുള്ള മൂലകങ്ങൾ ഒഴിവാക്കിയാണ് ഈ ട്രാൻസിസ്റ്ററുകൾ നിർമ്മിച്കിരിക്കുന്നത്. ഈ മൂലകങ്ങൾ ചേർക്കുന്നതാണ് ട്രാൻസിസ്റ്ററുകളുടെ നിർമ്മാണം ചിലവേറിയതാക്കുന്നത്.
ഈ കണ്ടെത്തൽ ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ഒരു വൻ മുന്നേറ്റത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ GaN മൈക്രോവേവ് ട്രാൻസിസ്റ്ററുകൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ഒരുപാട് നിയന്ത്രണങ്ങളുണ്ട്. റഡാറുകൾ, ജാമറുകൾ, ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ എന്നിവയിലൊക്കെ ഈ ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഇവ നിർമ്മിക്കുന്ന വികസിത രാജ്യങ്ങൾ അത് മറ്റ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കാറില്ല. പുതിയ സാങ്കേതികവിദ്യയുടെ വരവോടെ ഈ ഉപകരണങ്ങൾ നമുക്ക് ഇന്ത്യയിൽത്തന്നെ നിർമ്മിക്കാനും
ഇത് ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാനും കഴിയുമെന്ന് ഗവേഷകർ അറിയിച്ചു.
Discussion about this post