ന്യൂഡൽഹി: മാറുന്ന ലോകക്രമത്തിൽ പുത്തൻ നിർമ്മാണ കേന്ദ്രമായി വളരുന്ന ഭാരതം, ആഗോള പ്രതിരോധ മേഖലയിലും തൻ്റെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. കുറഞ്ഞ ചിലവിൽ ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ നിർമ്മിച്ച് വിദേശ വിപണിയിലേക്ക് ചുവടുവെക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി, ആയുധ ഇടപാടുകൾക്ക് കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പകൾ നൽകാനുള്ള കേന്ദ്ര ഗവണ്മെൻ്റ് സംരംഭമായ എക്സ്പോർട്ട് ഇമ്പോർട്ട് ബാങ്കിൻ്റെ (EXIM Bank) ശേഷി വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ താൽപ്പര്യമുള്ള രാജ്യങ്ങളുമായി നേരിട്ട് ചർച്ചകൾ നടത്താൻ വിദേശ എംബസികളിൽ പ്രതിരോധ അറ്റാഷെമാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും വിവരങ്ങൾ ലഭിച്ചതായി റൊയ്ടേഴ്സ് റിപ്പോർട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളിലൂടെ ആഗോള ആയുധ വിപണിയിൽ വലിയ ശക്തിയാകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
റഷ്യയെ ദീർഘകാലമായി ആയുധങ്ങൾക്കായി ആശ്രയിക്കുന്ന രാജ്യങ്ങളെയാണ് ഇപ്പോൾ ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്. ഉക്രെയ്ൻ യുദ്ധം കാരണം പാശ്ചാത്യ രാജ്യങ്ങളുടെ ആയുധപ്പുരകൾ കാലിയായതും, റഷ്യ സ്വന്തം ആവശ്യങ്ങൾക്ക് മാത്രം ഉത്പാദനം പരിമിതപ്പെടുത്തിയതും ഇന്ത്യക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. ഒരേ സമയം പാശ്ചാത്യ രാജ്യങ്ങളുടേയും, റഷ്യയുടേയും സാങ്കേതികവിദ്യകൾ ഒരുപോലെ സ്വാംശീകരിച്ചിട്ടുള്ള ഇന്ത്യൻ വ്യവസായമേഖലയ്ക്ക്, യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ മികച്ച ആയുധങ്ങൾ നൽകാൻ സാധിക്കും എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.
ഉദാഹരണമായി 155 മില്ലിമീറ്റർ ആർട്ടിലറി പീരങ്കിയുണ്ടകൾ ഇന്ത്യയിൽനിന്ന് വാങ്ങാൻ 300 മുതൽ 400 ഡോളർ വരെ ചിലവാകുമ്പോൾ യൂറോപ്യൻ കമ്പനികൾ 3000 ഡോളറിനാണ് ഇത് വിൽക്കുന്നത്. ഇന്ത്യൻ കമ്പനികൾ ഹോവിറ്റ്സർ ആർട്ടിലറി തോക്കുകൾ വിൽക്കുന്നത് മൂന്ന് ദശലക്ഷം ഡോളറിനാണ്. സമാനമായ തോക്കുകൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങണമെങ്കിൽ ഇതിൻ്റെ ഇരട്ടി തുക നൽകണം.
2004-14 കാലഘട്ടത്തിൽ 4,312 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. എന്നാൽ 2014-24 സമയത്ത് ഇത് 21 മടങ്ങ് വർധിച്ച് 88,319 കോടി രൂപയായി ഉയർന്നു. ആഗോള പ്രതിരോധ മേഖലയിൽ ഭാരതത്തിൻ്റെ പങ്ക് എത്രത്തോളം വളർന്നിരിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) മാത്രം 21,083 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. ഇത് തൊട്ടു മുൻപത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 32.5 ശതമാനം വളർച്ചയാണ് നാം കൈവരിച്ചത്.
2029 ഓടെ ആയുധ കയറ്റുമതി 6 ബില്യൺ ഡോളറായി (600 കോടി ഡോളർ: ഏകദേശം 51420 കോടി രൂപ) ഉയർത്താനാണ് ഭാരതത്തിൻ്റെ ലക്ഷ്യം. ചെറിയ ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റി അയക്കുന്ന നിലവിലെ രീതിയിൽ നിന്ന് വ്യത്യസ്തമായി, അത്യാധുനിക മിസൈലുകൾ, ഹെലികോപ്റ്ററുകൾ, യുദ്ധക്കപ്പലുകൾ എന്നിവയും കയറ്റുമതിപ്പട്ടികയിൽ ഉൾപ്പെടുത്തും. ബ്രസീൽ പോലുള്ള രാജ്യങ്ങളുമായി ഇതിനോടകം നാം തന്ത്രപരമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും, അദാനി ഡിഫൻസ്, മഹീന്ദ്ര&മഹീന്ദ്ര, എൽ&ടി, എസ്എംപിപി പോലുള്ള സ്വകാര്യ കമ്പനികളുടെ മുന്നേറ്റവും ഈ ലക്ഷ്യത്തിന് കൂടുതൽ കരുത്തേകും.
തന്ത്രപരമായ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഭാരതത്തിൻ്റെ ഈ സുപ്രധാന നീക്കം, ആഗോള രാഷ്ട്രീയത്തിൽ നമ്മുടെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിരോധവിദഗ്ധർ പറയുന്നു. കാലഹരണപ്പെട്ട പഴയ ആയുധങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരായ നിരവധി രാജ്യങ്ങൾക്ക് ഭാരതം ഒരു വിശ്വസ്ത പങ്കാളിയായി വളരും. കഴിഞ്ഞ ദിവസം (ഏപ്രിൽ14) ഭാരതവും ടാൻസാനിയയുമായി പ്രതിരോധ മേഖലയിൽ സുപ്രധാന കരാറുകൾ ഒപ്പുവച്ചിരുന്നു. സമാനമായി പ്രതിരോധ കരാറുകൾക്ക് പല രാജ്യങ്ങളുമായും ചർച്ചകൾ നടന്നുകൊണ്ടിരിയ്ക്കുകയാണ്.
“മേക്ക് ഇൻ ഇന്ത്യ”, ആത്മനിർഭർ ഭാരത് പദ്ധതികൾ പ്രതിരോധ മേഖലയ്ക്ക് വൻ കുതിപ്പാണ് നൽകുന്നത്. ലോകം പുതിയ ഭൗമരാഷ്ട്രീയ സമവാക്യങ്ങളിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യയുടെ ഈ ചുവടുവെപ്പ് രാജ്യത്തിന് പുതിയ വാണിജ്യ ബന്ധങ്ങളും തന്ത്രപരമായ നേട്ടങ്ങളും കൈവരിക്കാൻ സഹായകമാകുമെന്നും. പ്രതിരോധ രംഗത്തെ ഈ ഉണർവ്വ് ഭാരതത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും സുരക്ഷയ്ക്കും ഒരു മുതൽക്കൂട്ട് തന്നെയാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post