തെലങ്കാനയിലെ പ്രശസ്തമായ ഗോൽക്കൊണ്ട ഖനികളിൽ നിന്നും കുഴിച്ചെടുക്കപ്പെട്ട അപൂർവ രത്നമായ ‘ഗോൾക്കൊണ്ട ബ്ലൂ’ ലേലത്തിന് വെച്ച് സ്വിറ്റ്സർലാൻഡ് വജ്ര വ്യാപാരി. 2025 മെയ് 14 ന് ജനീവയിൽ നടക്കുന്ന ക്രിസ്റ്റീസ് മാഗ്നിഫിഷ്യന്റ് ജുവൽസ് ലേലത്തിൽ ആണ് ഇന്ത്യയിൽ നിന്നുമുള്ള ഈ രാജകീയ രത്നം വിൽപ്പനയ്ക്കായി വെച്ചിട്ടുള്ളത്. അപൂർവവും അസാധാരണവുമായ 23.24 കാരറ്റ് നീല വജ്രമാണ് ‘ഗോൾക്കൊണ്ട ബ്ലൂ’.
പ്രശസ്ത പാരീസ് ഡിസൈനർ ജെഎആറിന്റെ ഒരു വിശിഷ്ട ഡിസൈനർ മോതിരത്തിലാണ് ഇപ്പോൾ ഈ വജ്രം പതിപ്പിച്ചിട്ടുള്ളത്. 35 മുതൽ 50 മില്യൺ യുഎസ് ഡോളർ (ഏകദേശം 300 മുതൽ 430 കോടി രൂപ വരെ) വരെ ഈ വിശിഷ്ട വജ്രത്തിന് വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്രയും ഉയർന്ന നിലവാരത്തിലുള്ള അസാധാരണ കുലീന രത്നങ്ങൾ ജീവിതത്തിൽ ഒരിക്കൽ മാത്രമേ വിപണിയിലെത്തൂ എന്നാണ് ക്രിസ്റ്റീസ് ഇന്റർനാഷണൽ ജുവൽസ് മേധാവി ഈ സവിശേഷ വജ്രത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ഇൻഡോറിലെ മഹാരാജാ യശ്വന്ത് റാവു ഹോൾക്കർ രണ്ടാമൻ ആയിരുന്നു ഗോൾക്കൊണ്ട ഖനികളിൽ നിന്നും ലഭിച്ച ഈ വജ്രം ആദ്യമായി സ്വന്തമാക്കിയിരുന്നത്. ചൗമെറ്റ് എന്ന ഫ്രഞ്ച് ജ്വല്ലറി ആണ് ഈ അപൂർവ വജ്രം മഹാരാജാവിനുള്ള ആഭരണം ആക്കി മാറ്റിയത്. ആദ്യമായി ഒരു ബ്രേസ്‌ലെറ്റിൽ ആയിരുന്നു ഈ വജ്രം പതിപ്പിച്ചിരുന്നത്. 1930-കളിൽ രാജകീയ ആഭരണ വ്യാപാരിയായ മൗബൗസിൻ ഈ ആഭരണം പുനർരൂപകൽപ്പന ചെയ്ത് ഒരു മാലയിലേക്ക് മാറ്റിയ ശേഷം ഇൻഡോറിലെ മഹാറാണി ആയിരുന്നു ഇത് ധരിച്ചിരുന്നത്. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ന്യൂയോർക്ക് ജ്വല്ലറി വ്യാപാരിയായ ഹാരി വിൻസ്റ്റൺ ഈ വജ്രം വാങ്ങി. പിന്നീട് ബറോഡയിലെ മഹാരാജാവിന് ആണ് ഈ വജ്രം കൈമാറപ്പെട്ടത്. ബറോഡ മഹാരാജാവ് പിന്നീട് ഈ വജ്രം സ്വകാര്യ വ്യക്തികൾക്ക് വിൽപ്പന നടത്തിയെന്നാണ് പറയപ്പെടുന്നത്.
Discussion about this post