കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയിൽ കാണാം. നടി വിൻ സിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ പോലീസിനെ കണ്ടയുടനെ ഷൈൻ ടോം ജനൽ വഴി പുറത്തെത്തിയാണ് ഇറങ്ങിയോടിയത്.
കൊക്കൈൻ കേസിൽ ഷൈൻ ടോം ചാക്കോയെ ഈയിടെയാണ് കോടതി വെറുതെ വിട്ടത്. അതിനിടെയാണ് സമാനസംഭവം. കൊച്ചി കടവന്ത്രയിൽ നടത്തിയ റെയ്ഡിൽ ആയിരുന്നു കൊക്കൈനുമായി ഷൈനും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30 നായിരുന്നു സംഭവം. കേസിൽ ഷൈൻ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.
ഷൈൻ ടോം ചാക്കോ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കാണിച്ച് നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. ഷൂട്ടിംഗിനിടെ ഒരു പ്രധാന ആർട്ടിസ്റ്റ് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായ രീതിയിൽ പെരുമാറി. സീൻ പ്രാക്ടീസിനിടെ ഇയാളുടെ വായിൽനിന്ന് വെള്ളനിറത്തിലുള്ള എന്തോ പുറത്തേക്ക് തെറിച്ചിരുന്നെന്ന് നടി മുമ്പ് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ആരാണ് ആ നടൻ എന്ന് ഇന്നാണ് വെളിപ്പെടുത്തിയത്.
Discussion about this post