കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷത്തെ ‘മഹാജംഗിൾ രാജ്’ അവസാനിപ്പിക്കാൻ സമയമായെന്ന് മോദി വ്യക്തമാക്കി. ബംഗാൾ ജനത അതിന് തയ്യാറായിക്കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു. ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിഎംസിയുടെ ദുർഭരണത്തിൽ മടുത്ത ആളുകൾ മമത ബാനർജിയെയും അവരുടെ പാർട്ടിയെയും അധികാരത്തിൽ നിന്ന് പുറത്താക്കാൻ ആണ് ഇപ്പോൾ ഏറ്റവും ആഗ്രഹിക്കുന്നത്. ടിഎംസി സംസ്ഥാനത്തെ യുവാക്കൾക്കും, സ്ത്രീകൾക്കും, കർഷകർക്കും, മത്സ്യത്തൊഴിലാളികൾക്കും ശത്രുവായി മാറിക്കഴിഞ്ഞു. കേന്ദ്ര പദ്ധതികൾ പശ്ചിമ ബംഗാളിൽ നടപ്പിലാക്കാൻ ടിഎംസി അനുവദിക്കുന്നില്ല. ഡൽഹിയിലും കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാതിരുന്ന ഒരു സർക്കാർ ഉണ്ടായിരുന്നു. ഒടുവിൽ ജനങ്ങൾ തന്നെ സഹികെട്ട് ആ പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കി. ഇപ്പോൾ പശ്ചിമ ബംഗാളും തൃണമൂൽ കോൺഗ്രസിന്റെ മഹാജംഗിൾ രാജിനോട് വിടപറയാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
പശ്ചിമ ബംഗാളിനായി തന്റെ സർക്കാർ സ്വീകരിച്ച നടപടികൾ വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി, ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം മാത്രമാണ് ബംഗാളിക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകിയതെന്ന് പറഞ്ഞു. ടിഎംസി കേന്ദ്രത്തിൽ കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിന്റെ (യുപിഎ) ഭാഗമായിരുന്നുവെന്നും എന്നാൽ ബംഗാളിക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞില്ല. ബിജെപിയുടെ ശ്രമഫലമായി ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) ദുർഗാ പൂജയ്ക്ക് പോലും സാംസ്കാരിക പൈതൃക പദവി നൽകിയെന്നും അദ്ദേഹം അറിയിച്ചു.













Discussion about this post