സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഭരണകൂട ഭീകരതയുടെ ചോരക്കളമായി മാറുന്നു. പ്രക്ഷോഭങ്ങളിൽ ഇതുവരെ 500 പേർ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 5,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഇറാന്റെ മേഖലയിലുള്ള ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ രക്തച്ചൊരിച്ചിലിനാണ് ഇതോടെ ഇറാൻ സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ഡിസംബർ 28-ന് തുടങ്ങിയ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ ഇസ്‌ലാമിക ഭരണകൂടത്തിന്റെ അന്ത്യം കുറിക്കണമെന്ന ആവശ്യത്തിലേക്ക് വളർന്നിരിക്കുകയാണ്. ഭീകരവാദികളും വിദേശ ഏജന്റുകളുമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ ആരോപണം. ഇറാന്റെ വടക്കുപടിഞ്ഞാറൻ കുർദിഷ് മേഖലകളിലാണ് ഏറ്റവും കൂടുതൽ രക്തച്ചൊരിച്ചിൽ നടന്നത്. കുർദിഷ് വിഘടനവാദികൾ ഇറാഖ് അതിർത്തി കടന്ന് അക്രമം നടത്താൻ ശ്രമിക്കുന്നുവെന്ന് അധികൃതർ ആരോപിക്കുന്നു. കുർദിഷ് മനുഷ്യാവകാശ സംഘടനയായ ‘ഹെൻഗാവ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇവിടങ്ങളിൽ സൈന്യം നിഷ്ഠൂരമായ അടിച്ചമർത്തലുകളാണ് നടത്തുന്നത്.
പിടിക്കപ്പെട്ട പ്രക്ഷോഭകർക്കെതിരെ ‘ദൈവത്തിനെതിരെ യുദ്ധം ചെയ്യുക’ എന്ന കുറ്റം ചുമത്തി വധശിക്ഷ നൽകാനാണ് നീക്കം. 24,000-ത്തിലധികം പേരെ ഇതിനകം തടവിലാക്കിയതായി മനുഷ്യാവകാശ സംഘടനയായ HRANA റിപ്പോർട്ട് ചെയ്യുന്നു. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ രാജ്യത്ത് ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. 192 മണിക്കൂർ നീണ്ട ബ്ലാക്കൗട്ടിന് ശേഷം ശനിയാഴ്ച നേരിയ തോതിൽ കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചെങ്കിലും ഉടൻ തന്നെ വീണ്ടും റദ്ദാക്കി.













Discussion about this post