ഇൻഡോറിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ കുൽദീപ് യാദവിന്റെ ‘മിസ്റ്ററി’ സ്പിന്നിനെതിരെ ന്യൂസിലൻഡ് ബാറ്റർമാർ നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാവുകയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത് പോലെ കുൽദീപിനെതിരെ കടന്നാക്രമിക്കുന്ന ശൈലി ഇന്നും അവർ തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ഇന്ത്യയുടെ വജ്രായുധമായ കുൽദീപ് യാദവിനെതിരെ വ്യക്തമായ പ്ലാനുകളുമായാണ് ഇന്നും ന്യൂസിലൻഡ് കളത്തിലിറങ്ങിയത്. ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സും ചേർന്ന് കുൽദീപിന്റെ ഓവറുകളിൽ റൺസ് വാരിക്കൂട്ടിയത് ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ അമ്പരപ്പിച്ചു.
കുൽദീപിനെ സെറ്റിലാകാൻ അനുവദിക്കാതെ ക്രീസിന് പുറത്തേക്ക് ഇറങ്ങിവന്നും സ്വീപ്പ് ഷോട്ടുകൾ കളിച്ചുമാണ് കീവിസ് ബാറ്റർമാർ നേരിട്ടത്. മത്സരത്തിന്റെ 41-ാം ഓവറിൽ കുൽദീപിനെതിരെ മിച്ചലും ഫിലിപ്സും ചേർന്ന് 19 റൺസാണ് അടിച്ചെടുത്തത്. ഇതിൽ മിച്ചലിന്റെ പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നു.
ഇത്രയധികം പ്രഹരം ഏറ്റ താരം 46-ാം ഓവറിൽ മിിച്ചൽ ഹേയെ എൽബിഡബ്ല്യുവിൽ കുടുക്കിക്കൊണ്ട് ഒരു വിക്കറ്റ് നേടി എങ്കിലും അയാൾ ആ സമയത്തിനുള്ളിൽ തന്നെ 6 ഓവറിൽ 48 റൺസ് വഴങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തിലും സമാന രീതിയിൽ തല്ലുവാങ്ങിയ കുൽദീപിന്റെ രണ്ട് മോശം മത്സരങ്ങൾ ആയി ഇതിനെ കാണാം എങ്കിൽ താരത്തിന് ഇത് അപകട സൂചനയാണ്.
താരത്തിന്റെ സ്കില്ലിനെ എതിരാളികൾ കൗണ്ടർ അറ്റാക്കിങ് ശൈലി വഴി നേരിടാൻ തുടങ്ങിയാൽ മറ്റുള്ള ബാറ്റ്‌സ്മാന്മാരും ഇതിനെ ഒരു അവസരമാക്കി കാണാനുള്ള സാധ്യതകൾ കൂടുതലാണ്. ഇതിനൊരു ബദൽ മാർഗം താരം കണ്ട് പിടിക്കേണ്ടത് അത്യാവശ്യമാണ്.













Discussion about this post