ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ (Vande Bharat Sleeper Train) പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ മാൽഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഹൗറ – ഗുവാഹത്തി (കാമാഖ്യ) റൂട്ടിലോടുന്ന ട്രെയിനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം തിരിച്ചുള്ള കാമാഖ്യ – ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അദ്ദേഹം വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
ആധുനിക ഭാരതത്തിന്റെ യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്ത് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഈ ട്രെയിൻ വിമാനയാത്രയ്ക്ക് തുല്യമായ സൗകര്യങ്ങളാണ് കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള വന്ദേ ഭാരത് സ്ലീപ്പർ, ഹൗറ – ഗുവാഹത്തി യാത്രയിൽ രണ്ടര മണിക്കൂറോളം സമയലാഭമാണ് നൽകുന്നത്.
11 ത്രീ-ടയർ എസി കോച്ചുകൾ, 4 ടൂ-ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിങ്ങനെ ആകെ 16 കോച്ചുകളിലായി 823 യാത്രക്കാർക്ക് സഞ്ചരിക്കാം. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ഭാരതത്തിന്റെ സ്വന്തം കവച് (KAVACH) സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് ഡോറുകളും ഇതിലുണ്ട്.ഗുവാഹത്തിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ അസമീസ് വിഭവങ്ങളും കൊൽക്കത്തയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ ബംഗാളി വിഭവങ്ങളും ലഭ്യമാകും.
ടിക്കറ്റ് നിരക്കും പ്രത്യേകതകളും
വിമാനയാത്രയേക്കാൾ ചിലവ് കുറഞ്ഞതും എന്നാൽ പ്രീമിയം സൗകര്യങ്ങൾ നൽകുന്നതുമാണ് വന്ദേ ഭാരത് സ്ലീപ്പർ.
നിരക്കുകൾ: 3 AC-ക്ക് ഏകദേശം 2300 രൂപ, 2 AC-ക്ക് 3000 രൂപ, ഫസ്റ്റ് എസിക്ക് 3600 രൂപ എന്നിങ്ങനെയാണ് ഏകദേശ നിരക്ക്. സീസണനുസരിച്ച് നിരക്കുകളിൽ മാറ്റം വരാം.
ക്വോട്ടയില്ല: ഈ ട്രെയിനിൽ വിഐപി ക്വോട്ടയോ റിസർവ് ക്വോട്ടയോ ഉണ്ടായിരിക്കില്ല. കൺഫേം ആയ ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂ. വെയിറ്റിംഗ് ലിസ്റ്റ് അല്ലെങ്കിൽ ആർഎസി (RAC) സംവിധാനവും ഇതിൽ ലഭ്യമല്ല.
സമയക്രമം (Train No: 27575/27576)
ഹൗറയിൽ നിന്ന് വൈകിട്ട് 6.20-ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8.20-ന് കാമാഖ്യയിലെത്തും. തിരിച്ചുള്ള ട്രെയിൻ കാമാഖ്യയിൽ നിന്ന് വൈകിട്ട് 6.15-ന് പുറപ്പെട്ട് രാവിലെ 8.15-ന് ഹൗറയിലെത്തും. 14 മണിക്കൂർ കൊണ്ട് ഈ ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തും.












Discussion about this post