ഗുജറാത്തിൽ നിന്നും കണ്ടെത്തിയ ഭീമാകാരമായ പാമ്പിന്റെ ഫോസിൽ ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. വാസുകി ഇൻഡിക്കസ് എന്നറിയപ്പെടുന്ന ഈ പാമ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പാണെന്ന് കണ്ടെത്തി. 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇപ്പോഴത്തെ കൊളംബിയയിൽ ജീവിച്ചിരുന്നതായി കണ്ടെത്തപെട്ടിട്ടുള്ള ടൈറ്റനോബോവ ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ പാമ്പായി കരുതപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഗുജറാത്തിൽ നിന്നും ലഭിച്ച ഫോസിൽ വ്യക്തമാക്കുന്നത് ടൈറ്റനോബോവയെക്കാൾ ഭീമാകാരനായ പാമ്പായിരുന്നു വാസുകി എന്നാണ്.
2005 ൽ ആണ് ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്ന് ഒരു ദശലക്ഷം വർഷം പഴക്കമുള്ള ഒരു ഫോസിൽ കണ്ടെത്തിയിരുന്നത്. പാറയിൽ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന 27 വലിയ കശേരുക്കൾ ആയിരുന്നു പുരാവസ്തുഗവേഷകർ കണ്ടെത്തിയിരുന്നത്. കച്ചിലെ പനന്ധ്രോ ലിഗ്നൈറ്റ് ഖനിയിൽ നടത്തിയിരുന്ന പുരാവസ്തു പര്യവേഷണങ്ങൾക്കിടയിലാണ് ഈ ഭീമൻ പാമ്പിന്റെ ഫോസിൽ കണ്ടെത്താൻ കഴിഞ്ഞത്. 20 വർഷങ്ങൾ നീണ്ടുനിന്ന ദീർഘകാല പഠനത്തിനു ശേഷമാണ് ഇപ്പോൾ ഗുജറാത്തിൽ നിന്നും കണ്ടെത്തിയ വാസുകി ലോകത്തിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പാമ്പാണെന്ന് സ്ഥിരീകരിച്ചത്.
ഐഐടി റൂർക്കിയിലെ ശാസ്ത്രജ്ഞർ നേതൃത്വം നൽകിയ ഒരു ദീർഘകാല പഠനത്തിലാണ് ഈ വിശദാംശങ്ങൾ വെളിവാക്കപ്പെട്ടിട്ടുള്ളത്. 36 മുതൽ 50 അടി വരെയായിരുന്നു വാസുകിയുടെ നീളം എന്ന് ശാസ്ത്രജ്ഞരും ഗവേഷകരും ചേർന്ന് കണ്ടെത്തി. ഒരു മെട്രിക് ടണ്ണിനടുത്തായിരുന്നു ഈ പാമ്പിന്റെ ഭാരം എന്നും കണ്ടെത്തിയിട്ടുണ്ട്. വംശനാശം സംഭവിച്ച മാഡ്‌സോയിഡേ പാമ്പുകളുടെ കുടുംബത്തിൽ പെട്ടതായിരുന്നു വാസുകി ഇൻഡിക്കസ്. ആദ്യകാല ഇയോസീൻ യുഗത്തിലാണ് ഇത് ജീവിച്ചിരുന്നത്. ഇവ വിഷമുള്ള പാമ്പുകളുടെ വർഗ്ഗത്തിൽ പെട്ടതല്ല. പെരുമ്പാമ്പിന് സമാനമായ രീതിയിൽ ശരീരം സങ്കോചിപ്പിച്ച് ഇര വിഴുങ്ങുന്ന രീതിയാണ് ഇവ സ്വീകരിച്ചിരുന്നത്.
ഇതുവരെ ലോകത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ പാമ്പായി കരുതപ്പെട്ടിരുന്ന ടൈറ്റനോബോവയ്ക്ക് 45–50 അടി നീളവും 3 അടി വീതിയും ഒരു ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടായിരുന്നുവെന്നാണ് ഗവേഷകർ സ്ഥിരീകരിച്ചിട്ടുള്ളത്. അതിനാൽ തന്നെ പുതിയ കണ്ടെത്തലുകൾ പ്രകാരം ടൈറ്റനോബോവയെ മറികടന്ന് ഇന്ത്യയുടെ സ്വന്തം വാസുകി ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ്. ഹിന്ദു പുരാണത്തിലെ ശക്തനായ സർപ്പ രാജാവായിരുന്ന വാസുകിയുടെ പേര് അന്വർത്ഥമാക്കിയിരിക്കുകയാണ് ഇപ്പോൾ ഗുജറാത്തിൽ നിന്നും കണ്ടെത്തപ്പെട്ട ഈ ഭീമാകാര പാമ്പിന്റെ ഫോസിൽ.
Discussion about this post