ന്യൂഡൽഹി : ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) വിപണിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ വർദ്ധനവാണ് ഉണ്ടാകുന്നത്. ശരാശരി പ്രതിദിന വിറ്റുവരവ് 2020 ൽ 32 ബില്യൺ യുഎസ് ഡോളർ ആയിരുന്നതിൽ നിന്ന് 2024 ൽ എത്തുമ്പോൾ 60 ബില്യൺ യുഎസ് ഡോളറായാണ് ഉയർന്നിരിക്കുന്നത്. നാലുവർഷംകൊണ്ട് 28 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് ഫോറെക്സ് വിപണിയിൽ ഉണ്ടായിട്ടുള്ളത്.
വെള്ളിയാഴ്ച ബാലിയിൽ നടന്ന 24-ാമത് FIMMDA-PDAI വാർഷിക സമ്മേളനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര ഫോറെക്സിലെ ഇന്ത്യയുടെ ഈ വൻ കുതിപ്പിനെ കുറിച്ച് വ്യക്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക വിപണികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതൽ ചലനാത്മകമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഫോറെക്സ് വിപണി കൂടാതെ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ രാത്രികാല പണ വിപണിയിലും വലിയ രീതിയിലുള്ള വികസനം ഉണ്ടായിട്ടുള്ളതായി സഞ്ജയ് മൽഹോത്ര സൂചിപ്പിച്ചു. 2020 ൽ ഏകദേശം 3 ലക്ഷം കോടി രൂപ ആയിരുന്ന രാത്രികാല പണ വിപണി 2024 ൽ 5.4 ലക്ഷം കോടി രൂപയിലധികമായി ആണ് വർദ്ധിച്ചിട്ടുള്ളത്. ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ സർക്കാർ സെക്യൂരിറ്റീസ് വിപണി വർഷം മുഴുവനും സ്ഥിരത പുലർത്തിയെന്നും സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
Discussion about this post