തിരുവനന്തപുരം: പ്രണയം തകർന്നതിന് പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേൻ നൽകി പ്ലസ് വൺ വിദ്യാർത്ഥി. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് അനാവശ്യം പറയാനായിരുന്നു ക്വട്ടേഷൻ. ക്വട്ടേഷൻ നൽകിയ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പത്താം ക്ലാസുകാരിയെ ഫോണിൽ വിളിച്ച് നിരന്തരമായി ശല്യം ചെയ്ത കുന്നത്തുകാൽ മൂവേര സ്വദേശി സച്ചു എന്ന് വിളിക്കുന്ന സജിൻ (30), നാറാണി കോട്ടുക്കോണം സ്വദേശി അനന്തു (20) എന്നിവരാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. പത്താം ക്ലാസുകാരിയായ പെൺകുട്ടിയും പ്ലസ് വൺ വിദ്യാർത്ഥിനിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം തകർന്നതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
വൈരാഗ്യം തീർക്കാൻ പ്ലസ് വൺ വിദ്യാർത്ഥി, സുഹൃത്തായ അനന്തുവിന് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈമാറുകയായിരുന്നു. ഈ നമ്പർ അനന്തു, സുഹൃത്തായ സജിനും കൈമാറി. തുടർന്ന് നിരന്തരം പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് അനാവശ്യങ്ങൾ പറഞ്ഞു തുടങ്ങി. സഹികെട്ട പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ വെള്ളറട പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ സുഹൃത്താണ് തനിക്ക് ഫോൺ നമ്പർ തന്നതെന്നും പെൺകുട്ടിയെ വിളിച്ച് ശല്യം ചെയ്താൽ ഒരു ദിവസം മുഴുവൻ കുടിക്കാനുള്ള മദ്യവും ഭക്ഷണവും അനന്തുവിന് വാഗ്ദാനം ചെയ്തിരുന്നതായും പോലീസിനോട് വെളിപ്പെടുത്തി.
മാരായമുട്ടത്ത് സ്ത്രീയെ ശല്യം ചെയ്ത കേസിൽ പ്രതിയായിരുന്നു പിടിയിലായ സജിൻ. അനന്തുവിൻറെ പക്കൽ നിന്ന് കഞ്ചാവും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
Discussion about this post