ബെംഗളൂരു : കർണാടക ജാതി സർവേ പുനഃപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം വീരപ്പ മൊയ്‌ലി. പുറത്തുവന്നിരിക്കുന്ന സർവ്വേ റിപ്പോർട്ട് സമൂഹത്തിൽ ധ്രുവീകരണത്തിനും പിരിമുറുക്കത്തിനും കാരണമാകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് ഒരു സമവായത്തിൽ എത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതി സെൻസസ് സംബന്ധിച്ച് കർണാടക പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും യോഗത്തിൽ സമവാക്യം ഉണ്ടാകാതിരുന്നതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ലിംഗായത്തുകൾ, വൊക്കലിഗകൾ തുടങ്ങിയ വലിയ ജാതി വിഭാഗങ്ങളുടെ ജനസംഖ്യ മുമ്പ് കണക്കാക്കിയതിനേക്കാൾ കുറവാണെന്ന് ചില മന്ത്രിമാർ പരസ്യമായി തന്നെ യോഗത്തിൽ വ്യക്തമാക്കി. 2015 ലെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ടിൽ കർണാടക സർക്കാരിന് ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതാണെന്നും വീരപ്പ മൊയ്‌ലി അഭിപ്രായപ്പെട്ടു.
ജാതി സർവേയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കോൺഗ്രസ് മന്ത്രിമാർക്ക് തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മന്ത്രിസഭയിലെ മന്ത്രിമാരെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. പ്രതിപക്ഷവുമായും സമുദായ നേതാക്കളുമായും കൂടിയാലോചിച്ച് പുനപരിശോധന നടത്തുകയാണ് വേണ്ടത്. നിലവിലെ റിപ്പോർട്ടിൽ മുസ്ലീം ജനസംഖ്യയിൽ ഏകദേശം 4% മുതൽ 6% വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സർവേ കാണിക്കുന്നു. അതേസമയം മറ്റ് പല പിന്നോക്ക വിഭാഗങ്ങളുടെയും ജനസംഖ്യ കുറഞ്ഞതായാണ് കാണിച്ചിരിക്കുന്നത്. ഇത് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകയും രാഷ്ട്രീയപരമായ ദോഷം ചെയ്യുകയും ചെയ്യും എന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post