ഇന്നലെ ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 27 ഓളം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ലഷ്‌കറെ തയിബ അനുകൂല സംഘടനയായ’ദ് റെസിസ്റ്റന്റ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ കണ്ണീരണിയിച്ച ഒരു ചിത്രം പുറത്ത് വന്നിരുന്നു. ഭർത്താവിന്റെ ചേതനയറ്റ മൃതദേഹത്തിന് സമീപത്ത് ഇരുന്ന് ഒരു നവ വധു വിലപിക്കുന്നതായിരുന്നു ആ കാഴ്ച. ആ ചിത്രം കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവലിന്റേത് എന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ 26 കാരനായ ലെഫ്റ്റനന്റ് വിനയ് നർവാളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭാര്യയോടൊപ്പം ഹണിമൂൺ ആഘോഷിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. വിനയ് കഴിഞ്ഞ ദിവസമാണ് ഹിമാൻഷിയ്‌ക്കൊപ്പം കശ്മീരിലെത്തിയത്. എന്നാൽ വിവാഹത്തിന്റെ ആറാം നാൾ കൊല്ലപ്പെടാനായിരുന്നു വിധി. അതേസമയം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Discussion about this post