കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈക്കൊണ്ട കടുത്ത തീരുമാനങ്ങളിൽ വിറച്ച്, പാകിസ്താൻ. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ ആസിഫിന്റെ ജല്പനം. പാക് സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് പറഞ്ഞ ഇയാൾ ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്നതിൽ എന്താണ് തെളിവെന്ന് ചോദിച്ചു.
പാകിസ്താനാണ് ഭീകരവാദത്തിന്റെ വലിയ ഇരകളിലൊന്ന്. ഭീകരസംഘടനകൾ പ്രവർത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാക് മന്ത്രി കുറ്റപ്പെചുത്തുന്നു. ഇന്ത്യയുടെ നീക്കങ്ങളിൽ പ്രതിഷേധം അറിയിക്കാനായി, പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ ഇന്ന് പാകിസ്താൻ വിളിച്ചു വരുത്തുമെന്നാണ് കരുതുന്നത്.
അതേസമയം അഞ്ച് കടുത്ത തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യ-പാക് യുദ്ധങ്ങൾ നടന്നപ്പോൾ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാർ 65 വർഷങ്ങൾക്കിപ്പുറം മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകിസ്താനെ ഞെട്ടിച്ചത്. അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം.
പാകിസ്താൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്താൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്താനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Discussion about this post