ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത കശ്മീരികളായ രണ്ട് ഭീകരരുടെ വീടുകളിൽ സ്ഫോടനം. ആസിഫ് ഷെയ്ക്ക്, ആദിൽ തോക്കാർ എന്നീ ഭീകരരുടെ വീടുകളാണ് സ്ഫോടനത്തിൽ തകർന്നത്. സൈന്യം ഈ വീടുകളിൽ തിരച്ചിൽ നടത്താനെത്തിയ സമയത്ത് ആയിരുന്നു സ്ഫോടനം ഉണ്ടായത്.
പുൽവാമ ജില്ലയിലെ ത്രാലിലെ മോംഗാമ പ്രദേശത്തായിരുന്നു ആസിഫ് ഷെയ്ക്കിന്റെ വീട് സ്ഥിതി ചെയ്തിരുന്നത്. ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക കമാൻഡറാണ് ഇയാൾ. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൈന്യവും പോലീസും ഇവിടെ തിരച്ചിൽ നടത്തുകയായിരുന്നു. വീടിനുള്ളിൽ വലിയ രീതിയിൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ സൈന്യം ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറി. വൈകാതെ തന്നെ ഈ വീടിനുള്ളിൽ കനത്ത സ്ഫോടനം നടക്കുകയും വീട് പൂർണമായും നാമാവശേഷമാവുകയും ചെയ്തു.
ബിജ്‌ബെഹാരയിലെ ഗുരിയിൽ മറ്റൊരു ലഷ്‌കർ ഭീകരനായ ആദിൽ ഗുരി എന്നറിയപ്പെടുന്ന ആദിൽ തോക്കറിന്റെ വീടും സമാനമായ രീതിയിൽ സ്ഫോടനത്തിൽ തകർന്നു. ബിജ്‌ബെഹാര നിവാസിയായ ആദിൽ തോക്കർ 2018 ൽ നിയമപരമായി പാകിസ്താനിലേക്ക് പോയിരുന്നു. ഇവിടെ ഇയാൾക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നു എന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post