ദിസ്പൂർ : ബിലാവൽ ഭൂട്ടോയുടെ ഇന്ത്യാ വിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാകിസ്താൻ എന്ന രാജ്യത്തിന് വഞ്ചനയുടെ നീണ്ടതും രക്തരൂക്ഷിതവുമായ ചരിത്രമുണ്ട്. അത് ബിലാവൽ ഭൂട്ടോയുടെ മുത്തച്ഛന്റെയും അമ്മയുടെയും ജീവൻ അപഹരിച്ചു. എന്നാൽ സ്വന്തം കുടുംബം രാജ്യത്തിനായി നേരിടേണ്ടിവന്ന ത്യാഗങ്ങളെ അപമാനിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ ബിലാവൽ ഭൂട്ടോ നടത്തുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
സിന്ധു നദിയിൽ വെള്ളം ഒഴുകിയില്ലെങ്കിൽ അവിടെ ഇന്ത്യക്കാരുടെ രക്തം ഒഴുകും എന്നായിരുന്നു ബിലാവൽ ഭൂട്ടോ ഇന്ത്യയെ വെല്ലുവിളിച്ചിരുന്നത്.
മുൻ പാകിസ്താൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ ചെറുമകനുമാണ് ബിലാവൽ. ബേനസീർ കൊല്ലപ്പെട്ടപ്പോൾ, അവരുടെ പിതാവിനെ അന്നത്തെ പാകിസ്താൻ ഭരണകൂടം വധിച്ചത് അസം മുഖ്യമന്ത്രി ഓർമിപ്പിച്ചു. ബിലാവൽ ഭൂട്ടോയ്ക്ക് എന്റെ അഗാധമായ അനുശോചനം മുൻകൂട്ടി അറിയിക്കുന്നു. കാരണം അദ്ദേഹം തിരഞ്ഞെടുത്ത പാത അപമാനം മാത്രമേ വരുത്തൂ എന്നും ഹിമന്ത കൂട്ടിച്ചേർത്തു.
സ്വന്തം അഭിമാനവും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കുന്ന ഇന്ത്യയുടെ നടപടികളെ തടയാൻ ആർക്കും കഴിയില്ല എന്ന് അസം മുഖ്യമന്ത്രി ഉറപ്പിച്ചുവ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ സുരക്ഷ വിലപേശാൻ പറ്റാത്തതാണ്. സിന്ധു നദിയിലെ ജലം നമ്മുടേതാണ്. അത് ശാശ്വതമായി നമ്മുടേതായി തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഭീകരതയെ വേട്ടയാടുക തന്നെ ചെയ്യും എന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post