ശ്രീനഗർ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വേദന പങ്കുവച്ച് നടി ഹിനഖാൻ.ബൈസരൻ താഴ്വരയിൽ നിന്നുള്ള ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ തന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് ഹിനപറഞ്ഞു.
പഹൽഗാം ഭീകരാക്രമണം നടന്ന ദിനത്തെ രാജ്യത്തിന്റെ കറുത്തദിനമെന്നാണ് കശ്മീർ സ്വദേശിനികൂടിയായ താരം വിശേഷിപ്പിച്ചത്. ഒരു മുസ്ലീമും ഇന്ത്യക്കാരിയുമായ തന്നെ സംഭവം ഏറെ ദുഃഖിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു. ഒരു മുസ്ലീം എന്ന നിലയിൽ എല്ലാ ഹിന്ദുക്കളോടും ഇന്ത്യക്കാരോടും ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു.
വേദന തന്റേത് മാത്രമല്ലെന്നും നഷ്ടത്തിൽ ദുഃഖിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയുമാണെന്ന് അവർ പറഞ്ഞു. ഭീകരാക്രമണത്തിന്റെ രക്തസാക്ഷികളുടെ കുടുംബത്തിന് സഹിക്കാനുള്ള ശക്തിയും സമാധാനവും ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ആക്രമണത്തെ അപലപിക്കുന്നു. ഇത് ചെയ്തവരെ ഞാൻ പൂർണമായും വെറുക്കുന്നുവെന്ന് താരം പറഞ്ഞു.
അനുശോചനം അറിയിക്കുന്നു. ഇരുണ്ടദിനമാണിത്. കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞ് തുളുമ്പുന്നു. യാഥാർത്ഥ്യം അംഗീകരിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടാൽ അത് ഒന്നും അർത്ഥമാക്കുന്നില്ല. മുസ്ലീങ്ങളാണെന്ന് അവകാശപ്പെടുന്ന ഹൃദയശൂന്യരായ, മനുഷ്യത്വരഹിതമായ, മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയ തീവ്രവാദികൾ നടത്തിയ ഈ ആക്രമണം ഭയപ്പെടുത്തുന്നു. ഒരാളെ തോക്കിൻ മുനയിൽ നിറുത്തി മതം ഉപേക്ഷിക്കാൻ നിർബന്ധിതനാക്കി പിന്നീട് കൊലപ്പെടുത്തിയത് ഒരു മുസ്ലീമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് എന്റെ ഹൃദയം തകർക്കുന്നു. ഒരു മുസ്ലീം എന്ന നിലയിൽ എല്ലാ ഹിന്ദുക്കളോടും ഇന്ത്യക്കാരോടും ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് താരം കുറിച്ചു.
Discussion about this post