ന്യൂഡൽഹി: പാകിസ്താനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി ഇന്ത്യ. സിന്ധു നദി ജല കരാർ മരവിപ്പിച്ച് പാകിസ്താനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂർണ്ണമായും നിർത്തിയേക്കും. പാക് വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യൻ വ്യോമപാത അടച്ചേക്കും. കപ്പൽ ഗതാഗതത്തിനും തടയിടാൻ സാധ്യതയുണ്ട്.ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പൂർണമായി നിലച്ചതിനാൽ പാകിസ്താനിൽ ജീവൻ രക്ഷാ മരുന്നുകൾക്ക് ഉൾപ്പെടെ കടുത്ത മരുന്ന് ക്ഷാമം ഉണ്ടാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളത്
അതേസമയം ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലപ്രവാഹം കുറഞ്ഞതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു. സിയാൽകോട്ട് പ്രദേശത്തെ മാറാല ഹെഡ്വർക്‌സിന്റെ ഉപഗ്രഹ ചിത്രങ്ങൾ കേണൽ വിനായക് ഭട്ടാണ് എക്സില് പങ്കുവച്ചത്. കരാർ റദ്ദാക്കിയ ആദ്യ ദിവസങ്ങളിൽ തന്നെ രാജ്യത്ത് കടുത്ത വരൾച്ചയെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.
ഇന്ത്യ നൽകിയ തിരിച്ചടികൾ ഫലം കണ്ടു തുടങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലും ഉൾപ്പെടെ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാകിസ്താന് കനത്ത പ്രത്യാഘാതം സൃഷ്ടിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Discussion about this post